പാനൂർ : (www.panoornews.in)തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ നാലര പതിറ്റാണ്ടായി ടാർ ചെയ്യാതെ കിടന്ന പാറയുള്ള പറമ്പ് - രാമൻ പീടിക - കുറ്റിൽക്കാട് റോഡിന് ഒടുവിൽ ശാപമോക്ഷം. റോഡ് ടാറിംഗിനായി സർക്കാർ സംവിധാനങ്ങളെ കാത്തിരുന്ന് സഹികെട്ട നാട്ടുകാർ ഒടുവിൽ സംഘടിച്ച് ടാറിംഗ് സ്വന്തം നിലക്ക് നടത്തുകയായിരുന്നു.



സർക്കാർ സംവിധാനങ്ങളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൈയ്യൊഴിഞ്ഞ റോഡ് സ്വന്തം നിലയിൽ മനോഹരമായി ടാർ ചെയ്ത് നാട്ടുകാരുടെ കൂട്ടായ്മ.
45 വർഷത്തോളമായി ഇപ്പ ശരിയാക്കാം എന്ന വാക്ക് കേട്ട് മടുത്ത നാട്ടുകാർ ഒടുവിൽ കഴിഞ്ഞ വർഷം കമ്മിറ്റി ചേർന്ന് റോഡ് നിർമ്മാണത്തിനായി രംഗത്തിറങ്ങുകയായിരുന്നു.
കമ്മിറ്റി ചേർന്ന് ഘട്ടം ഘട്ടമായി ഓരോ പ്രവൃത്തിയും പൂർത്തീകരിച്ചാണ് നാട്ടുകാർ ടാറിംഗിലേക്ക് എത്തിയത്.. ഈ ആവശ്യവുമായി പ്രദേശത്തെ ക്വാറി ഉടമകളെ സന്ദർശിച്ചപ്പോൾ റോഡ് നിർമ്മാണത്തിനാവശ്യമായ ക്വാറി വേസ്റ്റും, ജില്ലിയും നൽകാമെന്നേറ്റു . പ്രദേശത്തെ പ്രവാസികളും, ബാംഗ്ലൂർ വ്യാപാരികളും കൈയ്യയച്ച് സഹായിച്ചതോടെ 500 മീറ്ററോളം റോഡ് ടാർ ചെയ്ത് മനോഹരമാക്കി. വാർഡ് അംഗം എ.കെ ഭാസ്ക്കരൻ റോഡ് ഉദ്ഘാടനം ചെയ്തു.
സർക്കാർ സംവിധാനങ്ങളെ കാത്തിരിക്കുകയാണെങ്കിൽ ഇനിയും 25 കൊല്ലം കഴിഞ്ഞാലും റോഡ് ഇതേ അവസ്ഥയിലായിരിക്കുമെന്നും, കൂട്ടായ ശ്രമത്തിലൂടെയാണ് റോഡ് പണി പൂർത്തിയാക്കിയതെന്ന് എ.കെ ഭാസ്കരൻ പറഞ്ഞു.
കെ.പി നാണു അധ്യക്ഷനായി. പുരുഷു മൂക്കോത്ത് സ്വാഗതവും, എ.കെ അനിൽകുമാർ നന്ദിയും പറഞ്ഞു. പി.ഗോവിന്ദൻ, എ.കെ ബാലൻ, സി.പി രജിത്ത് എന്നിവർ സംബന്ധിച്ചു. റോഡ് യാഥാർത്ഥ്യ മായതിന്റെ സന്തോഷം നാട്ടുകാരും മറച്ചു വച്ചില്ല. പായസ വിതരണവും നടന്നു.
Even after four and a half decades, the government and local bodies have not opened their eyes; the rocky Parambu-Kuttilkadu road in Thrippangottur panchayat was tarred by locals.
