പാനൂർ :(www.panoornews.in)കൃഷിക്കും, മനുഷ്യ ജീവനും നാൾക്കുനാൾ ഭീഷണി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാട്ടു പന്നികൾക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പ്രായോഗിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് ഒരു വനിതാ ജനപ്രതിനിധി.
കുന്നോത്ത്‌പറമ്പ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ തൂവക്കുന്നിലെ കെ പി സഫരിയയാണ് തന്റെ വാർഡിലെ ജനങ്ങൾക്ക് വേണ്ടി കാട്ടുപന്നികൾക്കെതിരെ നിരന്തര പോരാട്ടത്തിനിറങ്ങുന്നത്.


മണിമുട്ടി കുന്നിനോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് ഒമ്പതാം വാർഡ്. ഇവിടങ്ങളിൽ കാട്ടു പന്നികൾ കൂട്ടത്തോടെ ഇറങ്ങി കൃഷിയും മറ്റും നശിപ്പിക്കൽ നിത്യസംഭവമാണ്.
ആദ്യമൊക്കെ രാത്രി കാലങ്ങളിൽ മാത്രമാണ് പന്നി ശല്യം ഉണ്ടായിരുന്നത് എങ്കിൽ പിന്നീട് ചിലപ്പോൾ ഒക്കെ പകൽ സമയത്തും പന്നി ഇറങ്ങൽ തുടങ്ങി. സാധാരണക്കാർ തിങ്ങി നിറഞ്ഞു താമസിക്കുന്ന പാറമ്മൽ, ആലത്തും കാട്ടിൽ മേലെ ചിറക്കര ഭാഗങ്ങളിലൊക്കെ ഒരു കൃഷിയും നടത്താൻ കഴിയാത്ത സ്ഥിതി ആയി മാറി.
ഗ്രാമ സഭ യോഗങ്ങളിലും മറ്റും പൊതു ജനങ്ങൾ പരാതി പറയാൻ തുടങ്ങിയതോടെ ഇനി പന്നി ശല്യം അവസാനിപ്പിച്ചിട്ടേ വിശ്രമമുള്ളു എന്ന് മനസ്സിലുറപ്പിച്ച രീതിയിലായിരുന്നു പിന്നീട് സഫരിയയുടെ പ്രവർത്തനങ്ങൾ.
പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഈ വിഷയം ഗൗരവത്തോടെ അവതരിപ്പിച്ചു.
ഗവണ്മെന്റ് അംഗീകൃത ഷൂട്ടറെ കൊണ്ട് വന്ന് പന്നികളെ വെടി വെച്ച് കൊല്ലാനുള്ള തീരുമാനം പഞ്ചായത്ത് ഭരണ സമിതിയെ കൊണ്ട് എടുപ്പിച്ചു.
വിനോദ് എന്ന അംഗീകൃത ഷൂട്ടർ 7 തവണ ഇതിനകം ഒമ്പതാം വാർഡിൽ എത്തി.
ഇരുപതോളം കാട്ടു പന്നികളെ വെടിവെച്ച് കൊന്നു. ഷൂട്ടർക്ക് സഹായവുമായി വാർഡ് വികസന സമിതി അംഗങ്ങളായ അഷറഫ് പാറമ്മലും, അനസ് കുട്ടക്കെട്ടിലും സജീവമായി രംഗത്തിറങ്ങാറുണ്ട്.
വന്യ ജീവി ശല്യത്തിന് മുന്നിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പോലും പരാജയപ്പെടുന്നു എന്ന വിമർശനം പല കോണിൽ നിന്നും ഉയർന്നു വരുന്ന വർത്തമാന കാലത്ത് തന്റെ പരിമിതമായ അധികാര പരിധിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പന്നി ശല്യം ഇല്ലാതാക്കാൻ പരമാവധി പ്രവർത്തനം നടത്തുകയാണ് കെ പി സഫരിയ്യ എന്ന ജനകീയ മെമ്പർ. ഒപ്പം മെമ്പർക്ക് സർവ്വ പിന്തുണയുമായി നാടാകെ കൂടെ നിൽക്കുകയും ചെയ്യുന്നു.
വനിതാ ലീഗ് കൂത്തുപറമ്പ മണ്ഡലം സെക്രട്ടറി കൂടിയാണ് കെ പി സഫരിയ്യ
Wild boar infestation in Kunnothparamba Manimuttikunni is severe; Member Safaria takes notable steps to drive away the boars
