ഒളവിലം: (www.panoornews.in)ഒളവിലം എൽപി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ചൊക്ലി കവിയൂരിലെ വി.കെ ഭാസ്കരൻ എഴുതിയ വാത്മീകിരാമായണം മലയാള പരിഭാഷ പുസ്തക പ്രകാശനം ശനിയാഴ്ച 3.30ന് തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ നടക്കും.



ഇതിന് മുമ്പ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളത്. രാമായണത്തിലെ 24,000 ശ്ലോകങ്ങൾ മൊഴിമാറ്റം ചെയ്യുവാൻ ഏഴുവർഷത്തെ പ്രയത്നം വേണ്ടിവന്നു.
ശ്രീനാരായണഗുരുദേവൻ, യേശുദേവൻ, മുഹമ്മദ് - മഹാനായ പ്രവാചകൻ എന്നീ ബൃഹദ് കാവ്യങ്ങളും സദ്‌ഗമയ, കുഞ്ഞാറ്റക്കിളികൾ എന്നീ കവിതാ സമാഹരങ്ങളും ഭാസ്ക്കരൻ മാസ്റ്ററുടെ കൃതികളാണ്.
പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പുസ്തകം പ്രകാശനം ചെയ്യും. കെ.പി മോഹനൻ എം എൽ എ ഏറ്റുവാങ്ങും. ഡോ. കൂമുള്ളി ശിവരാമൻ പുസ്തക പരിചയം നടത്തും. കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ അധ്യക്ഷയാകും. ജി.വി ബുക്സ് പ്രസിദ്ധീകരിക്കുന്ന 7 വാല്യങ്ങളുള്ള പുസ്തകത്തിന് മുഖവില 7000 രൂപയാണെങ്കിലും പ്രകാശന ദിവസം ബുക്ക് ചെയ്യുന്നവർക്ക് 3000 രൂപക്ക് ലഭിക്കും.
ഗുരുധർമ്മ പ്രചരണ സഭയുടെ കേന്ദ്രസമിതി അംഗവും, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തക നുമായ ഭാസ്കരൻ മാസ്റ്റർ ഇപ്പോൾ കവിയൂർ ശ്രീനാരായണ മഠം പ്രസിഡണ്ടും, ചൊക്ലി പീപ്പിൾസ് വെൽഫേർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറുമാണ്.
വാർത്താ സമ്മേളനത്തിൽ അഡ്വ.പി.കെ രവീന്ദ്രൻ, കെ.പി ദയാനന്ദൻ, എം.ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.
24,000 verses, 7 volumes; Translation of Vatmiki Ramayanam written by VK Bhaskaran Master of Chokli released on Saturday
