(www.panoornews.in)സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറന്നാൽ രണ്ടാഴ്ച പാഠപുസ്തകങ്ങൾ മാറ്റിവെച്ചുള്ള പഠനം. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയൽ, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതൽ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈൽ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റൽ ഡിസിപ്ലിൻ, ആരോഗ്യകരമല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വർഷം ആദ്യപാഠങ്ങൾ.



ഒന്നു മുതൽ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതൽ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാർഗരേഖ തയാറാക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പൊലീസ്, എക്സൈസ്, ബാലാവകാശ കമീഷൻ, സോഷ്യൽ ജസ്റ്റിസ്, എൻ.എച്ച്.എം, വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്, എസ്.സി.ഇ.ആർ.ടി, കൈറ്റ്, എസ്.എസ്.കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്. വിദ്യാർഥികളിൽ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകൾ.
സ്കൂളിൽ മെന്ററിങ് ശക്തിപ്പെടുത്തി മെന്റർമാർ നിരന്തരം വിദ്യാർഥികളുമായി സമ്പർക്കം പുലർത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഹയർ സെക്കൻഡറികളിലെ സൗഹൃദക്ലബുകൾ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകർക്ക് നാലു ദിവസത്തെ പരിശീലനം നൽകി.
ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോൺഫറൻസിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.
Teach children good manners; Close your books for two weeks after school opens
