പാനൂർ:(www.panoornews.in)പാനൂർ താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട് ഒരു നവീകരണവും നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്ന് നഗരസഭാ ചെയർമാൻ കെ.പിഹാഷിം. സംസ്ഥാന സർക്കാറിന്റെയും നഗരസഭയുടെയും ഫണ്ട് ഉണ്ടെങ്കിലും ആശുപത്രി ആസ്തി സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ചെലവഴിക്കാനാവാത്ത അവസ്ഥയാണ്. കാലവർഷത്തിൽ ആശുപത്രി കെട്ടിടം ചോർന്നൊലിച്ചപ്പോൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിയാണ് അറ്റകുറ്റ പണി നടത്തിയതെന്നും ഹാഷിം പറഞ്ഞു.
പാനൂർ താലൂക്കാശുപത്രിക്കായി നഗരസഭ ഒന്നും ചെയ്യുന്നില്ലെന്ന പ്രചരണം തെറ്റാണ്. ആശുപത്രി ആസ്തി സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നഗരസഭയുടെ ഫണ്ടും, സർക്കാർ ഫണ്ടും വിനിയോഗിക്കാനാവാത്ത സ്ഥിതിയാണ്. ഇക്കാര്യത്തിൽ സർക്കാറും ഇടപെടുന്നില്ല. കാര്യങ്ങളറിയാതെയല്ല വിമർശനം.


ഈയിടെ കാലവർഷത്തിൽ ആശുപത്രിയുടെ മേൽക്കൂരയിലെ ഷീറ്റ് തകർന്നപ്പോൾ കൈയിൽ നിന്നും 19,000 രൂപ മുടക്കിയാണ് മാറ്റിയത്. ആശുപത്രി കെട്ടിടം പെയിന്റ് ചെയ്തിട്ട് വർഷങ്ങളായി. ചുമരിപ്പോൾ നാശോന്മുഖമാണ്. പെയിന്റ് ചെയ്യാൻ ഒരു ലക്ഷത്തിലധികം രൂപ ചിലവ് വരും. സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയെന്ന നിലയിൽ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും, ഇക്കാര്യങ്ങളൊന്നും പുറത്തറിയില്ലെന്നും ഹാഷിം വികാരഭരിതനായി പറഞ്ഞു.
Salute to the Chairman of Panur Municipality; The dilapidated condition of the Panur Taluk Hospital building is being repaired at his own expense.
