(www.panoornews.in)കൊടി സുനി ഉൾപ്പടെയുള്ള ടി.പി. ചന്ദ്രശേഖ രൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന് പോലീസു കാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാൻ
കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.


ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകി. പോലീസിൻ്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിക്കുകയും ചെയ്തു. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്തി പോലിസുകാർ ക്കെതിരെ നടപടിയെടുത്തത്. ഇതിനിടെ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദാക്കിയത്. കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
നേരത്തേ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
TP case accused caught drinking in police presence; 3 policemen suspended, Kodi Suni's parole cancelled
