തലശേരി:(www.panornews.in) തലശേരി നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ ന്യൂമാഹി ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.ഐ ബിനുമോഹൻ രംഗത്തിറങ്ങിയത് കൗതുകമായി. കൂത്ത്പറമ്പ് ഭാഗത്തുനിന്നും തലശേരിക്ക് വരികയായിരുന്ന ബിനുമോഹൻ മണിക്കൂറോളമാണ് എരഞ്ഞോളി പാലത്തു നിന്നാരംഭിച്ച വാഹന ക്കുരുക്കിൽ കുടുങ്ങിയത്.
ഒടുവിൽ നിരങ്ങി നീങ്ങി ടൗൺഹാൾ ജംഗ്ഷനിലെത്തിയപ്പോൾ വാഹനങ്ങളുടെ തിക്കും തിരക്കുമായിരുന്നു. നാലുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ അനങ്ങാൻ പറ്റാത്ത വിധം കുരുങ്ങിയതോടെയാണ് സ്റ്റേഷൻ അതിർത്തി കാര്യമാക്കാതെ ബിനുമോഹൻ ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്.


ശാസിച്ചും, ഉപദേശിച്ചും കൈ മെയ് മറന്ന് ഓടി നടന്ന മേലുദ്യോഗസ്ഥനെ സഹായിക്കാൻ പൊലീസ് ഡ്രൈവറും ഓടിയെത്തി. ഏതാണ്ട് അര മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച ഇരുവരും മഴയെത്തിയതോടെയാണ് മടങ്ങിയത്. ദിവസവും വൈകീട്ട് നാലു മുതൽ മണിക്കൂറുകൾ നീളുന്ന ബ്ലോക്കാണ് തലശേരി മുതൽ എരഞ്ഞോളിപ്പാലം വരെ അനുഭവപ്പെടുന്നത്. ടൗൺ ഹാൾ ജംഗ്ഷനിൽ പൊലീസുകാരെ നിയോഗിച്ചാൽ ഗതാഗത കുരുക്കിന് ആശ്വാസമാകും. എന്നാൽ ട്രാഫിക് പൊലീസ് സ്റ്റേഷനും, പൊലീസുകാരുമുണ്ടെങ്കിലും ഗതാഗത കുരുക്കുള്ളപ്പോൾ കാണാനില്ലാത്ത അവസ്ഥയാണ്.
New Mahi Inspector Binu Mohan clears traffic jam in Thalassery without caring about 'border'; applause on social media
