വടകര:(www.panoornews.in) വടകര റെയില്‍വേ സ്റ്റേഷന്‍ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. ഭിന്നശേഷിക്കാരനും രണ്ട് പെണ്‍കുട്ടികളുമാണ് തിങ്കൾ രാവിലെ എട്ട് മണിയോടെ ലിഫ്റ്റിനകത്ത് കുടുങ്ങിയത്.
കറണ്ട് പോയതോടെ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അരമണിക്കൂറോളമാണ് യാത്രക്കാര്‍ കുടുങ്ങിക്കിടന്നത്.
ഭിന്നശേഷിക്കാരനായ വടകര മേപ്പയൂർ സ്വദേശി മനോജ് കുമാറും രാവിലെ 8.20ന്റെ യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് കണ്ണൂരിലേക്ക് പോകാന്‍ എത്തിയ യാത്രക്കാരായ രണ്ട് പെണ്‍കുട്ടികളുമാണ് ലിഫ്റ്റിനകത്ത് അകപ്പെട്ടത്.
കറൻ്റ് പോയാല്‍ പ്രവര്‍ത്തിക്കാന്‍ ഏറെ സമയമെടുക്കുക പതിവാണ്.
ലിഫ്റ്റില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ പരിഭ്രാന്തരായതോടെ മനോജ് കുമാര്‍ ധൈര്യം പകര്‍ന്ന് ഇവരെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു. ട്രെയിന്‍ നഷ്ടമായതിനാല്‍ 10.30ൻ്റെ ട്രെയിനിനാണ് പോകാനായത്.
ലിഫ്റ്റിനകത്ത് പ്രദര്‍ശിപ്പിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ നാദാപുരം ഫയര്‍ ഫോഴ്‌സിനെയാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്.
റെയില്‍വേയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ തൃശൂരിലാണ് ലഭിച്ചത്. ഇവര്‍ വിവരമറിയിച്ചതോടെ വടകര റെയില്‍വേ അധികൃതര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
Vadakara Railway Station Lift 'Work' Continues; The differently-abled man and the girls were stuck in the lift for a long time