മനേക്കര :(www.panoornews.in) കൂനിൽ മേൽ കുരുപോലെയായി ഇപ്പോൾ ഈ നാട്ടുകാരുടെ അവസ്ഥ ,തകർന്ന് കുണ്ടും കുഴിയുമായ റോഡിൽ മഴ വെള്ളം നിറഞ്ഞ് ഉറവപൊട്ടി.
സെൻട്രൽ മനേക്കരയിൽ നിന്നാരംഭിച്ച് നിടുമ്പ്രത്ത് അവസാനിക്കുന്ന മനേക്കര - വയലിൽ പീടിക - നിടുമ്പ്രം റോഡ് വെള്ളക്കെട്ട് കാരണം തകർന്ന് പൂർണമായും ഗതാഗതയോഗ്യമല്ലാതായി.
റോഡിൻ്റെ ഇരുവശവും വെള്ളമൊഴുകി പോകാൻ ആണിച്ചാൽ ഇല്ലാത്തതിനാൽ റോഡിൽ വെള്ളം തളം കെട്ടി ടാറിംഗ് തകർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്കരമായി.
ഓട്ടോറിക്ഷകൾക്കും കാറുകൾക്കും തീരെ യാത്ര ചെയ്യാൻ പറ്റാത്ത രീതിയിൽ റോഡിൽ ഉറവയും ഉണ്ട്. വാഹനങ്ങൾ ചെളിയിൽ പൂണ്ട് പോകാൻ സാധ്യത കൂടുതലാണ്.
നാട്ടുകാർ റോഡിൽ ചെങ്കല്ല് വെച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള റോഡാണിത്. പഞ്ചായത്ത് അധികൃതർ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The authorities are unmoved;Peedika-Nidumbram road collapsed in Manekkara-Vayal became impassable