ഒന്നും ഈ കുട്ടികള്‍ക്ക് പാഴ്വസ്തുക്കളല്ല. വലിച്ചെറിയുന്ന കുപ്പികളടക്കമുള്ളവ കഴുകി മിനുക്കി ഉല്‍പന്നങ്ങളാക്കുമ്പോള്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത് നിര്‍ധനരിലേക്ക് പുതുജീവിതമായി പകരുമ്പോള്‍ ഇവര്‍ സമൂഹത്തിന് നല്‍കുന്നത് പുതിയ പാഠങ്ങള്‍. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സുകളാണ് നിര്‍ധനരെ സഹായിക്കാന്‍ പാഴ്വസ്തുക്കളില്‍നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്.
സ്‌കൂളിലെനന്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 64 കുട്ടികളാണ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റുകിട്ടുന്ന ലാഭം നിര്‍ധനര്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കുന്നു. വിവിധ ആകൃതികളിലുള്ള കുപ്പികളില്‍ മനോഹരമായ ഡിസൈനുകളൊരുക്കിയാണ് ഇവര്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കുന്നത്. അലൂമിനിയം ഫോയില്‍പേപ്പറും കണ്ണാടിക്കഷണങ്ങളും ഫാബ്രിക് പെയിന്റുകളും തുണികള്‍ കൊണ്ടുണ്ടാക്കിയ പൂക്കളും മറ്റും ഉപയോഗിച്ചാണ് കുപ്പികളെ മനോഹരമാക്കുന്നത്.
സ്വീകരണ മുറികളെ അലങ്കരിക്കാന്‍ പറ്റുന്ന രീതിയിലാണ് നിര്‍മാണം. ഇതോടൊപ്പം സ്റ്റഫ്ഡ് ടോയ്സും മുളകൊണ്ടുള്ള ഫ്ളവര്‍പോട്ടുകളും കടലാസ് കൊണ്ടുള്ള പേനയും കമ്മലും നിര്‍മിക്കുന്നുണ്ട്. എല്‍ഇഡി ബള്‍ബുകള്‍, സോപ്പ്, ഡിഷ്വാഷ്, ബാത്റൂം ക്ലീനര്‍, കാര്‍വാഷ്, ഡിറ്റര്‍ജന്റ് ഹൈടെക്, ഡിറ്റര്‍ജന്റ് എന്നിവയും കുട്ടികള്‍ നിര്‍മിക്കുന്നു. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇവയുടെ വില്‍പന ഒരുക്കിയിരുന്നു. മികച്ച പ്രതികരണമാണ് നാലുദിവസങ്ങളിലായി നടന്ന മേളയില്‍നിന്ന് ഇവര്‍ക്ക് ലഭിച്ചത്.
ഇവിടെ സാധനങ്ങള്‍ വിറ്റതിലൂടെ ലഭിച്ച വരുമാനത്തില്‍നിന്ന് പകുതിയോളമെടുത്ത് വാങ്ങിയ ഭക്ഷണവുമായി കുട്ടികള്‍ വ്യാഴാഴ്ച ചൊവ്വ അമലഭവനിലെ അന്തേവാസികളെ കാണാനെത്തി. ഗൈഡ് ക്യാപ്റ്റന്‍ ഒ സി സംഗീതയുടെയും സ്‌കൗട്ട് മാസ്റ്റര്‍ കെ പി അനീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് കുട്ടികള്‍ എത്തിയത്.
അവിടുത്തെ അന്തേവാസികള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുകയാണ് അടുത്ത ഘട്ടം. സ്റ്റഫ്ഡ് ടോയ്സ്, പൂക്കള്‍ എന്നിവ നിര്‍മിക്കുന്നതിനും ഗ്ലാസ് പെയിന്റിങ്ങിലുമാണ് പരിശീലനം നല്‍കുക. ഇവിടെ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് വിലകൊടുത്തു വാങ്ങും. മേളകളോടൊപ്പവും മറ്റും സ്റ്റാളുകളൊരുക്കി ഇവ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. മമ്പറത്ത് സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കും സ്വയംതൊഴില്‍ പരിശീലനങ്ങള്‍ നല്‍കാനും നന്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പദ്ധതിയുണ്ട്.
The sky is the limit for their dreams. It's to the poor