(www.panoornews.in)കരിപ്പൂര്‍ വിമാനത്താവളത്തിൽ കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പയ്യന്നൂർ സ്വദേശി മഷൂദ(30) എന്ന യാത്രക്കാരിയിൽ നിന്നാണ് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇവരെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് കസ്റ്റഡിയിലെടുത്തു.


തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് അബുദാബിയിലെത്തി. അവിടെ നിന്നാണ് മഷൂദ കോഴിക്കോട്ടേക്ക് യാത്ര ചെയ്തതെന്നാണ് വിവരം. മിഠായികവറുകളിൽ ഒളിപ്പിച്ചാണ് 23.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.16 പാക്കറ്റുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. പുലർച്ചെ 2.45 നാണ് ഇത്തിഹാദ് വിമാനത്തിൽ മഷൂദ കരിപ്പൂരിൽ എത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം മഷൂദയെ റിമാൻഡ് ചെയ്തു.
ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച മഷൂദ കാരിയർ മാത്രമാണെന്നും ഒരു ലക്ഷം രൂപ പ്രതിഫലത്തിനായാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്നുമാണ് വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഞ്ചാവുകടത്താൻ ശ്രമിച്ചവരിലേക്ക് എത്താനുളള ശ്രമത്തിലാണ് കസ്റ്റംസ് അധികൃതർ. മഷൂദ മുൻപ് ഇത്തരത്തിൽ ലഹരിമരുന്നു കടത്തുന്നതിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കും.
ഈ ആഴ്ച തുടക്കത്തിൽ ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് കരിപ്പൂർ വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടിയിരുന്നു. പത്തനംതിട്ട സ്വദേശി സൂര്യയിൽ നിന്നാണ് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ എംഡിഎംഎ പിടികൂടിയത്. ഒമാനിൽ നിന്നെത്തിയ സൂര്യയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ മൂന്നു പേരെയും പൊലീസ് പിടികൂടിയിരുന്നു.
പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബർ, ഷെഫീക് എന്നിവരാണ് അന്നു പൊലീസ് പിടിയിലായത്. ഒമാനിൽ നിന്ന് നൗഫൽ എന്നയാളാണ് സൂര്യയുടെ പക്കൽ എംഡിഎംഎ കൊടുത്തുവിട്ടതെന്നും പൊലീസ് കണ്ടെത്തി. ഒന്നര മാസം മുൻപ് മൂന്നു യുവതികളെ ഉപയോഗിച്ച് കരിപ്പൂരിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടിയിരുന്നു.
Kannur native caught with hybrid ganja worth Rs 23.5 crore at Karipur airport; hidden in sweet wrappers
