കണ്ണൂര്‍: വിവാദത്തിന് പിന്നാലെ 'സമര സംഗമ'ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്റര്‍ പുറത്തിറക്കി. സുധാകരന്റെ സന്തതസഹചാരി ജയന്ത് ദിനേശ് അതൃപ്തി പ്രകടമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെ സുധാകരന്‍ അനുകൂലികള്‍ അതേറ്റെടുത്തിരുന്നു. ഇതിനുശേഷമാണ് സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയത്.


കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന 'സമര സംഗമ'ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ സമര സംഗമം എന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററാണ് വിവാദമായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
Congress' protest poster in Kannur without 'KS'?; New poster after controversy..
