---
title: "മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ;  പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം."
english_title: "Serious error in evaluation; Allegations that an SSLC student in Panur lost an A+."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298833/evaluation-error-student-files-complaint-but-does-not-get-marks-despite-writing-answer"
published_at: "2025-06-27T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e58afedc50_Untitled-6_copy.jpg"
keywords: []
---

# മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ;  പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം.

> **Lead Summary:** പാനൂര്‍: പാനൂര്‍ പി ആര്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൂറ്റേരി ശ്രീപുരത്തില്‍ അശ്വിന്‍ സജീവാണ് പരാതിയുമായി രംഗത്തെത്തിയത്.

## Article Content

പാനൂര്‍: പാനൂര്‍ പി ആര്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൂറ്റേരി ശ്രീപുരത്തില്‍ അശ്വിന്‍ സജീവാണ് പരാതിയുമായി രംഗത്തെത്തിയത്.

മലയാളം രണ്ടാം പേപ്പറില്‍ മൂല്യനിര്‍ണ്യയത്തില്‍ ഉണ്ടായ പിഴവാണ് പ്രശ്‌നമെന്ന് കാണിച്ച് പരീക്ഷാഭവനില്‍ പരാതി നല്‍കിയെങ്കിലും പ്രതികരണം ഇതുവരെ ലഭിച്ചില്ല.

പാനൂരിലെ പി.ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതിയ അശ്വിന്‍ സഞ്ജീവിനാണ് മലയാളം രണ്ടാം പേപ്പറിലെ മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടായതായി ഗുരുതരമായ പരാതിയുള്ളത്.

മലയാളം രണ്ടാം പേപ്പര്‍ ഒഴികെ മറ്റ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അശ്വിന്, ഈ വിഷയത്തില്‍ ലഭിച്ചത് എ ഗ്രേഡ് മാത്രം. തുടർന്ന് പുനര്‍ മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പിക്കും വേണ്ടി അപേക്ഷിച്ചു. ഉത്തരക്കടലാസിന്റെ കോപ്പി സഹിതം ലഭിച്ചപ്പോഴാണ് അപാകത മനസിലായത്.

നാല് മാര്‍ക്കിന്റെ ആകെയുള്ള ആറ് ചോദ്യങ്ങൾക്ക് 5 എണ്ണം വിദ്യാർത്ഥി ശരിയായി ഉത്തരം എഴുതി നല്‍കിയിട്ടുണ്ട്. 13-ാം ചോദ്യത്തിന് മൂല്യനിര്‍ണയാധ്യാപകന്‍ നല്‍കിയ 3 മാര്‍ക്ക് സ്‌കോര്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും, ഭാഗികമായി ഉത്തരം എഴുതിയ 14-ാം ചോദ്യത്തിനും മാര്‍ക്ക് ചേര്‍ത്തിട്ടില്ലെന്നും മാതാവ് പരാതിപ്പെടുന്നു.

വിദ്യാര്‍ത്ഥിയുടെ മാതാവും അദ്ധ്യാപികയുമായ പി. ശ്രീജ, സ്‌കൂള്‍ മുഖേന പരീക്ഷാഭവനില്‍ പരാതി നല്‍കിയെങ്കിലും ആഴ്ചകള്‍ പിന്നിട്ടിട്ടും മറുപടി ലഭിച്ചില്ല.

വിദ്യാര്‍ത്ഥിക്ക് അര്‍ഹമായ മാര്‍ക്ക് ഉറപ്പാക്കണമെന്നും, വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്നും പരീക്ഷാഭവനില്‍ നിന്നുള്ള പ്രതികരണമാണ് ഇനി കാത്തിരിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298833/evaluation-error-student-files-complaint-but-does-not-get-marks-despite-writing-answer)