---
title: "ചമ്പാട്ടെ 'കഫേ ശ്രീ @ 8' ; ആശംസകളുമായി കെ.പി മോഹനൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ"
english_title: "Champate 'Cafe Shree @ 8'; Representatives including KP Mohanan MLA extend their greetings"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298919/champate-cafe-shree-8-representatives-including-kp-mohanan-mla-extend-their-greetings"
published_at: "2025-06-27T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e985f61745_Untitled-1_copy.jpg"
keywords: []
---

# ചമ്പാട്ടെ 'കഫേ ശ്രീ @ 8' ; ആശംസകളുമായി കെ.പി മോഹനൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ

> **Lead Summary:** പാനൂർ: താഴെ ചമ്പാട്ടെ കഫേശ്രീ ജനകീയ ഹോട്ടൽ എട്ടാം വാർഷിക നിറവിൽ. 2018 ലാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ കഫേ ശ്രീ ഹോട്ടൽ ആരംഭിച്ചത്.

## Article Content

പാനൂർ: താഴെ ചമ്പാട്ടെ കഫേശ്രീ ജനകീയ ഹോട്ടൽ എട്ടാം വാർഷിക നിറവിൽ. 2018 ലാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ കഫേ ശ്രീ ഹോട്ടൽ ആരംഭിച്ചത്.

അന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്ത ഹോട്ടൽ കോവിഡ് കാലത്ത് ജനകീയ ഹോട്ടലായി മാറ്റുകയായിരുന്നു.

2018 ജൂൺ 26നാണ് കഫേശ്രീ ഹോട്ടൽ ആരംഭിച്ചത്. കോവിഡ് കാലത്ത് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഊൺ ലഭിക്കുന്ന ജനകീയ ഹോട്ടലായി ഉയർത്തി. പഞ്ചായത്തിന് കീഴിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നതെങ്കിലും പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും നിർലോഭ സഹായ സഹകരണങ്ങൾ കഫേശ്രീ ഹോട്ടലിനുണ്ട്. നിലവിൽ 12 ഓളം പേർ കഫേശ്രീയിൽ ജോലി ചെയ്യുന്നുണ്ട്.

30 രൂപക്ക് ഊണും, 35 രൂപക്ക് പാഴ്സലും ലഭിക്കുന്ന ഹോട്ടലിൽ ദിനേന 300 ഓളം പേരെത്തുന്നുണ്ട്. കണ്ണൂർ ജില്ലയിൽ തന്നെ വിശാലമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലാണിത്. വില കുറവാണെങ്കിലും, ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ പന്ന്യന്നൂർ ഗവ.ഐ ടി ഐ വിദ്യാർത്ഥികളും, അധ്യാപകരും പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും, പൊതുജനങ്ങളുമടക്കം ഈ ഹോട്ടലിനെയാണ് ആശ്രയിക്കുന്നത്. കഫേശ്രീ ഹോട്ടലിൻ്റെ പ്രവർത്തനത്തിന് ആരംഭകാലത്തടക്കം പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ പറഞ്ഞു. കെ പി മോഹനൻ എം എൽ എ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ ഉൾപ്പടെ നിരവധി പ്രമുഖർ എട്ടാം വാർഷികത്തിൽ കഫേ ശ്രീക്ക് ആശംസകളുമായെത്തി. പിറന്നാൾ പ്രമാണിച്ച് പായസവിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298919/champate-cafe-shree-8-representatives-including-kp-mohanan-mla-extend-their-greetings)