---
title: "അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴിമാറ്റിയ കേസിൽ സിപിഎം നേതാവിനെ വെറുതെവിട്ടു"
english_title: "Ariyil Shukkur murder case: CPM leader acquitted in witness abduction and altering case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293820/ariyil-shukkur-murder-case-cpm-leader-acquitted-in-witness-abduction-and-altering-case"
published_at: "2025-06-02T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dc9be93d4c_683d7ec89edab_6756e.jpg"
keywords: []
---

# അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയി മൊഴിമാറ്റിയ കേസിൽ സിപിഎം നേതാവിനെ വെറുതെവിട്ടു

> **Lead Summary:** എംഎസ്എഫ് പ്രവർത്തകനായ പട്ടുവം അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ പി.ജയരാജനും ടി.വി.രാജേഷിനും എതിരായി മൊഴി നൽകിയ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റി എന്ന കേസിൽ സിപിഎം നേതാവിനെ കോടതി വെറുതെ വിട്ടു. സി.പി.സലീമിനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

## Article Content

എംഎസ്എഫ് പ്രവർത്തകനായ പട്ടുവം അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ പി.ജയരാജനും ടി.വി.രാജേഷിനും എതിരായി മൊഴി നൽകിയ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റി എന്ന കേസിൽ സിപിഎം നേതാവിനെ കോടതി വെറുതെ വിട്ടു. സി.പി.സലീമിനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകനായ നിക്കോളാസ് ജോസഫും തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായിരുന്നു. എന്നാൽ നിക്കോളസ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചതോട പ്രതിസ്ഥാനത്തു നിന്നും നീക്കിയിരുന്നു. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ പ്യുൺ സി.പി.അബു, മുസ്‌‌ലിം ലീഗ് പ്രവർത്തകനായ സാബിർ എന്നിവരാണ് തട്ടിക്കൊണ്ടു പോയതായി പരാതി നൽകിയത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ജയരാജനും രാജേഷും ഷുക്കൂറിനെ കൊല്ലാൻ നിർദേശം നൽകുന്നത് കേട്ടു എന്നാണ് അബുവും സാബിറും മൊഴി നൽകിയത്. 2013 സെപ്റ്റംബർ 21ന് അബുവിനേയും സാബിറിനേയും തളിപ്പറമ്പിൽ നിന്ന് സലീം നിർബന്ധപൂർവം കാറിൽ കയറ്റി ബക്കളത്ത് ഹോട്ടലിൽ എത്തിക്കുകയായിരുന്നു എന്നാണ് പാരതി. ഹോട്ടലിൽ നിക്കോളജ് ജോസഫും ഉണ്ടായിരുന്നു.

തുടർന്ന് ഇരുവരും ഭീഷണിപ്പെടുത്തി വിവിധ കടലാസുകളിൽ ഇരുപതോളം ഒപ്പിടുവിച്ചു. രാത്രിയോടെ തളിപ്പറമ്പിൽ കൊണ്ടുവിട്ടു. പിറ്റേന്ന് മൊഴി മാറ്റിയെന്ന് വാർത്ത വന്നപ്പോഴാണ്, മൊഴിമാറ്റുന്നതിനുള്ള കടലാസുകളിലാണ് തങ്ങൾ ഒപ്പിട്ടതെന്ന് അറിയുന്നതെന്ന് ഇരുവരും പരാതിയിൽ പറയുന്നു. ഇതിനിടെ ഗൾഫിൽ പോയ സാബിർ പിന്നീട് കേസിൽ ഹാജരായില്ല. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം.വി. അനുരാജാണ് പ്രതിയെ വെറുതെ വിട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293820/ariyil-shukkur-murder-case-cpm-leader-acquitted-in-witness-abduction-and-altering-case)