(www.panoornews.in)സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാർ എതിർത്തെന്നാരോപിച്ച് വധു കല്യാണത്തിൽനിന്നു പിന്മാറി. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഇരുവീട്ടുകാരും തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് പെൺകുട്ടിയുടെ പിൻമാറ്റം.



വ്യാഴാഴ്ച ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. രണ്ടുവർഷം മുൻപായിരുന്നു വിവാഹനിശ്ചയം. 15 പവന്റെ ആഭരണങ്ങളാണ് വധുവിൻ്റെ വീട്ടുകാർ വാങ്ങിയത്.
അതിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിൻ്റെ അമ്മ വരൻ്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ, മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയിൽ വരൻ്റെ വീട്ടുകാർ സംസാരിച്ചെന്നാണ് ആക്ഷേപം. വിവാഹത്തിനു മൂന്നുദിവസം മുൻപ് വധുവിൻ്റെ വീട്ടിൽ ഹൽദി ആഘോഷം നടന്നപ്പോൾ വരൻ്റെ ബന്ധുക്കളിൽ ചിലർ 'പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ'ന്ന രീതിയിൽ ആക്ഷേപിച്ചെന്നും ആരോപണമുണ്ടായി.
തുടർന്ന്, വധുവിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സ്റ്റേഷനിൽ നടന്ന ചർച്ചയിൽ വിവാഹത്തിനു സമ്മതമാണെന്ന നിലപാടാണ് വരനും ബന്ധുക്കളും സ്വീകരിച്ചത്. എന്നാൽ, ആഭരണത്തിന്റെ പേരിൽ ആക്ഷേപിച്ചതിനാൽ വിവാഹത്തിനു താത്പര്യമില്ലെന്ന് പെൺകുട്ടി പറയുകയായിരുന്നു. പിന്മാറുന്നതായി പെൺകുട്ടിയിൽനിന്ന് പോലീസ് എഴുതിവാങ്ങുകയും ചെയ്‌തു.
വരൻ്റെ വീട്ടുകാർ തൻ്റെ കൈയിൽനിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. അതും നിശ്ചയത്തിനു ചെലവായ രണ്ടരലക്ഷം രൂപയും കല്യാണ ഒരുക്കത്തിനു ചെലവായ തുകയും മടക്കിക്കിട്ടാൻ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചെന്നും കല്യാണം വേണ്ടെന്നു പെൺകുട്ടി പറഞ്ഞതിനാൽ അതനുസരിച്ചുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും കരീലക്കുളങ്ങര എസ്എച്ച്‌ഒ പറഞ്ഞു.
bride withdraws from wedding
