(www.panoornews.in)മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകന്റെ ഭാര്യയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. കഴിഞ്ഞവർഷം ഫെബ്രുവരി 12-ന് മരിച്ച കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരൻ സുരാജിന്റെ മാതാപിതാക്കളായ സുഖജകുമാരിയും ജയരാജനുമാണ് ആരോപണവുമായെത്തിയത്.



മകന്റെ ഭാര്യയായ കന്യാകുമാരിക്കടുത്ത മഞ്ചാലുംമൂട്ടിലെ യുവതിക്കെതിരേയാണ് ആരോപണം. 2022 സെപ്റ്റംബർ 12-നായിരുന്നു തിരുവനന്തപുരം വണ്ടിത്തടത്തെ ജെ.എസ്. നിവാസിൽ സുരാജിന്റെയും യുവതിയുടെയും വിവാഹം.
വൈകാതെ ഇരുവരും തമ്മിൽ അസ്വാരസ്യം പ്രകടമായി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് സുരാജ് പെൺകുട്ടിയുടെ വീട്ടുകാരോട് സൂചിപ്പിച്ചു. എതിർത്തുപറഞ്ഞാൽ ഗാർഹികപീഢനത്തിന് പരാതി നൽകി ജയിലിലാക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി.
വിവാഹംകഴിഞ്ഞ അടുത്തദിവസങ്ങളിൽത്തന്നെ സ്വത്തുക്കൾ സുരാജിന്റെ പേരിലേക്ക് എഴുതിനൽകണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നതായും മാതാപിതാക്കൾ ആരോപിക്കുന്നു.
വൈകാതെ സുരാജ് തിരുവനന്തപുരത്തുനിന്ന് സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് പോയി. അവിടെനിന്ന് സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട്ടേക്ക് എത്തിയ സുരാജ് നാലുമാസം കഴിഞ്ഞപ്പോൾ മരിച്ചു. മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് വീട്ടിലേക്ക് ഫോണിൽ വിളിച്ച സുരാജ് കരയുകയും ഭാര്യ ഭക്ഷണംതരുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നതായി മാതാപിതാക്കൾ പറയുന്നു.
ഇതിനു പിന്നാലെ, സുരാജിന് സ്‌ട്രോക്കുണ്ടായെന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും യുവതി വീട്ടുകാരെ വിവരമറിയിച്ചു. ആശുപത്രിയിൽ കാണാനെത്തിയപ്പോൾ സുരാജ് സ്ഥിരമായി വല്ല മരുന്നും കഴിക്കുന്നയാളാണോയെന്ന് ഡോക്ടർ ചോദിച്ചതായി ഇവർ പറയുന്നു.
ഒരു രോഗവുമില്ലാതിരുന്ന സുരാജ് മരുന്നൊന്നും കഴിക്കാറില്ലെന്നു പറഞ്ഞപ്പോൾ മരുന്നു കഴിക്കാറുണ്ടെന്നായിരുന്നു യുവതി പറഞ്ഞത്. 80 വയസ്സിന് മുകളിലുള്ളവർക്കുവരാറുള്ള തലച്ചോർ ചുരുങ്ങുന്ന രോഗം സുരാജിനുള്ളതായി അന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.
ആശുപത്രിയിൽനിന്ന് ഫ്ളാറ്റിലേക്ക് മാറ്റിയ സുരാജിനെ പിന്നീട് തലവേദനയുണ്ടായപ്പോൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരാജിനെ കാണാൻ യുവതിയെ സമ്മതിക്കാതിരുന്നപ്പോൾ ആശുപത്രിക്കാരോടുൾപ്പെടെ ബഹളമുണ്ടാക്കിയെന്ന് മാതാപിതാക്കൾ പറയുന്നു.
എം.ഫാം. യോഗ്യതയുള്ള, മരുന്നുകളേക്കുറിച്ച് അറിയാവുന്നയാളായ യുവതി തന്റെ മകന് ആവശ്യമില്ലാത്ത ചില മരുന്നുകൾ നൽകിയിരുന്നതായും അതുകാരണമാണ് മകൻ മരിച്ചതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു. യുവതിക്കും കുടുംബത്തിനുമെതിരേ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മൃതദേഹം ദഹിപ്പിച്ചതിനാൽ എങ്ങനെയാണ് പോസ്റ്റ്‌മോർട്ടം നടത്തി അന്വേഷണം നടത്തുകയെന്നാണ് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടപ്പോൾ കിട്ടിയ മറുപടിയെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് സൂപ്രണ്ട് തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. പത്രസമ്മേളനത്തിൽ അഡ്വ. വി.പി. അഷിൽ, കുടുംബസുഹൃത്തായ ബി.ജെ. ജ്യോതിഷ് തുടങ്ങിയവരും പങ്കെടുത്തു.
Wife had another affair, called and cried before dying, family says son's death was unnatural
