(www.panoornews.in)സ്‌കൂള്‍ വിദ്യാര്‍ഥിനി താലിമാലയണിഞ്ഞ് ക്ലാസില്‍ വന്നതിനെത്തുടര്‍ന്ന് പോലീസ് അഞ്ചാളുടെപേരില്‍ ബാലവിവാഹത്തിന് കേസെടുത്തു. കൃഷ്ണഗിരിയിലാണ് സംഭവം.



കൃഷ്ണഗിരിയിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന പതിന്നാലുകാരി തിങ്കളാഴ്ച ക്ലാസില്‍ വന്നപ്പോഴാണ് അധ്യാപകര്‍ താലിമാല ശ്രദ്ധിച്ചത്. അവര്‍ ഉടന്‍ സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നും അതിനു ശേഷമാണ് സ്‌കൂളില്‍ വന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.
കാവേരിപട്ടണത്തു നിന്നുള്ള 25-കാരനാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വിവാഹം കഴിച്ചത്. വരനും വരന്റെയും വധുവിന്റെയും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചാളുടെപേരിലാണ് കൃഷ്ണഗിരി വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉത്സവമായതുകൊണ്ട് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്ന് വിദ്യാര്‍ഥിനി കഴിഞ്ഞയാഴ്ച സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച സ്‌കൂള്‍ യൂണിഫോം ധരിച്ച് താലിയണിഞ്ഞാണ് വന്നത്.
കൂട്ടുകാരികള്‍ അന്വേഷിച്ചപ്പോള്‍ ബോലുപ്പള്ളിയിലെ ക്ഷേത്രത്തിന് മുന്നില്‍വെച്ച് വിവാഹം കഴിഞ്ഞതായി മറുപടി നല്‍കി. ബാലവിവാഹത്തിനെതിരേ കൃഷ്ണഗിരിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമൂഹികക്ഷേമ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Student wears talisman in class; 5 people including 24-year-old groom booked for child marriage
