(www.panoornews.in)മൊബൈൽ ഫോൺ വാങ്ങാൻ പണമില്ലാത്തതിനാൽ ആത്മഹത്യ ചെയ്ത് മകൻ. പിന്നാലെ പിതാവും അതെ കയറിൽ ജീവനൊടുക്കി.
മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം.
ഓംകാർ എന്ന പത്താംക്ലാസ് വിദ്യാർഥിയെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്ന ഓംകാർ മകരസംക്രാന്തി അവധിക്ക് വീട്ടിലെത്തിയതായിരുന്നു.
പഠനാവശ്യത്തിനായി തനിക്ക് സ്മാർട്ട് ഫോൺ വേണമെന്ന് ഓംകാർ വീട്ടിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, പാവപ്പെട്ട കർഷക കുടുംബത്തിന് ഫോൺ വാങ്ങാനുള്ള സാമ്പത്തിക നിലയുണ്ടായിരുന്നില്ല.
കൃഷിക്കായി എടുത്ത വായ്പ തന്നെ തിരിച്ചടക്കാൻ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ ഫോൺ വാങ്ങാൻ നിർവാഹമില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബുധനാഴ്ച വീട്ടിൽ നിന്നിറങ്ങിയ ഓംകാർ തിരികെയെത്തിയില്ല. തുടർന്നുള്ള തിരച്ചിലിലാണ് കൃഷിയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടത്.
മകന്‍റെ മൃതദേഹം മരത്തിൽ നിന്ന് താഴെയിറക്കിയ പിതാവ് അതേ കയറിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Unable to afford to buy a smartphone, son commits suicide, father also commits suicide