കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച നാടക കലാകാരികളുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ.
കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.
മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.
Minister Saji Cherian will provide immediate financial assistance of Rs 25,000 each to the families of deceased Anjali and Jessy