നാദാപുരം:(www.panoornews.in) നാദാപുരത്ത് ഖത്തർ പ്രവാസിയും ഭാര്യയും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയത് നിരവധി പേർ.
നാദാപുരം കക്കംവെള്ളി ശാദുലി റോഡിലെ താമസക്കാരനായ കുറ്റ്യാടി പാലേരി സ്വദേശിയും ഭാര്യയുമാണ് ബിസിനസുകളിൽ പങ്കാളിയാക്കാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽനിന്നും ലക്ഷങ്ങൾ വാങ്ങി മുങ്ങിയത്.
നാദാപുരം മേഖലയിലെ പ്രമുഖ ബിസിനസുകാർ, വ്യാപാര പ്രമുഖർ എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും കാണിച്ച് വിശ്വാസം ആർജിച്ചശേഷം വായ്പയായും ബിസിനസിൽ കൂട്ടുചേർക്കാമെന്നും പറഞ്ഞാണ് വൻ തുകകൾ വാങ്ങിയെടുത്തത്.
അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്.
ബാങ്കുകളിൽനിന്ന് ലേലം ചെയ്യുന്ന പഴയ സ്വർണം വാങ്ങാനെന്ന് പറഞ്ഞ് 40 ലക്ഷത്തോളം രൂപയാണ് പ്രവാസിയുടെ ഭാര്യ ജാതിയേരി സ്വദേശിയിൽനിന്ന് അടുത്തിടെ തട്ടിയെടുത്തത്. ഇതിൽ പണം സ്വീകരിക്കുന്ന വിഡിയോ പരാതിക്കാരുടെ കൈവശമുണ്ട്.
വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരിച്ചുകിട്ടാതായതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാകുന്നത്. കുറ്റ്യാടി, വടകര താഴെഅങ്ങാടി, നാദാപുരം, ജാതിയേരി, പുറമേരി, പേരാമ്പ്ര, കടമേരി, തലായി സ്വദേശികളാണ് തട്ടിപ്പിനിരയായവരിൽ അധികവും.
വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടിൽ ചെക്ക് കേസിൽപെട്ടതോടെ തട്ടിപ്പുകാരനും ഭാര്യയും ഖത്തറിൽ നിയമനടപടി നേരിടുകയാണ്. പ്രവാസിയുടെ ഭാര്യയും പണം വാങ്ങിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പണം തിരികെ ചോദിക്കുന്നവരെയും തട്ടിപ്പുകാരനെ തേടി വീട്ടിലെത്തുന്നവരെയും പ്രവാസിയും സഹോദരങ്ങളും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
പീഡന കേസിലും മറ്റും ഉൾപ്പെടുത്തുമെന്നാണ് ഭീഷണി. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ദുബൈയിലും ബംഗളൂരുവിലും ഇയാളുടെ ബന്ധു മുഖേന സ്ഥാപനങ്ങളും റസ്റ്റാറന്റുകളും തുറന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
തട്ടിപ്പിനിരയായവർ നിയമനടപടിക്കായി പൊലീസിനെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്.
In Nadapuram, the expatriate and his wife committed a fraud of crores; Many people have lost money and complain of threats when they come to investigate