(www.panoornews.in) തദ്ദേശ സ്വയംഭരണവകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട മാലിന്യം കണ്ടെടുത്തു.
തില്ലങ്കേരിയിലെ എൻ.ഹുസൈൻ്റെ വീട്ടുപറമ്പിൽ നിന്നാണ് കുഴിച്ചിട്ട നിലയിൽ പ്ലാസ്റ്റിക് മാലിന്യം അടക്കം ജൈവ- അജൈവ മാലിന്യം കണ്ടെത്തിയത്.
ഹുസൈനിൽനിന്ന് പതിനായിരം രൂപ പിഴ ചുമത്താനും പ്ലാസ്റ്റിക് മാലിന്യം മുഴുവൻ വീണ്ടെടുത്ത് കഴുകി ഹരിതകർമസേനയ്ക്ക് കൈമാറാനും സ്ക്വാഡ് നിർദേശം നൽകി. ജില്ലകളിൽ വിവിധ സ്ഥല ങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിലും മേളകളിലും താത്കാലിക ഭക്ഷണശാലകൾ കരാറെടുത്ത് നടത്തിവരികയാണ് ഹുസൈൻ.
കഴിഞ്ഞ ഓണക്കാലത്ത് കണ്ണൂർ നഗരത്തിൽ ഇയാളുടെ താത്കാലിക ഭക്ഷണശാലയിൽ പരിശോധന നടത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട ജൈവ- അജൈവ മാലിന്യം സ്വന്തം സ്ഥലമായ തില്ലങ്കേരിയിൽ കൊണ്ടുപോയി സംസ് കരിക്കുകയാണെന്ന മറുപടിയാണ് സ്ക്വാഡിന് നൽകിയത്. പ്ലാസ്റ്റിക് മാലിന്യം പോലും അതതിടങ്ങളിലെ ഹരിത കർമസേനയ്ക്ക് നൽകിയിരുന്നില്ലെന്നും സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം തില്ലങ്കേരി പഞ്ചായത്തിലെത്തിയ ജില്ലാ സ്ക്വാഡ് ഹുസൈൻ്റെ പുരയിടം പരിശോധിച്ചപ്പോൾ കരിമ്പിൻചണ്ടി, വാഴയില തുടങ്ങിയ ജൈ വമാലിന്യങ്ങൾക്കൊപ്പം പാൽക്കവറുകൾ, എണ്ണക്കവറുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ളാസ്റ്റിക് ആവര ണമുള്ള നിരോധിത പേപ്പർ പ്ലേറ്റുകൾ, കപ്പുകൾ തുടങ്ങിയവ പ്ളാസ്റ്റിക് കവറിൽ നിറച്ച് കുഴിച്ചുമൂടിയതായി കണ്ടെത്തി. തുടർന്നാണ് പതിനായിരം രൂപ പിഴ ചുമത്താനും പ്ളാസ്റ്റിക് മാലിന്യം വീണ്ടെടുത്ത് വൃത്തിയാക്കി ഹരിത കർമ സേനയ്ക്ക് നൽകാനും നിർദേശിച്ചത്.
Plastic waste is buried in the yard; 10,000 fine