(www.panoornews.in)സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ് മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞു ചിത്രകാരനും മുത്തപ്പന്‍ വെള്ളാട്ടവും തമ്മിലുള്ള വീഡിയോ രംഗം.
പുത്തൂര്‍ നാറോത്തും ചാല്‍ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പന്‍ വെള്ളാട്ട സമയത്തെ ഭക്തിനിര്‍ഭരമായ രംഗങ്ങളാണ് വൈറലായത്.
തൊട്ടടുത്ത വീട്ടിലെ രണ്ടാം ക്ലാസുകാരന്‍ നവദേവ് അമ്മൂമ്മ ഓമനയോടൊപ്പം മുത്തപ്പനെ കാണാനെത്തിയിരുന്നു. അടുത്തവീട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടമുണ്ടെന്നറിഞ്ഞപ്പോള്‍ നവദേവ് മുത്തപ്പന്റെ ചിത്രം ക്രയോണ്‍കൊണ്ട് വരച്ചിരുന്നു.
വെള്ളാട്ടം കാണാനായി പോകുമ്പോള്‍ ചിത്രം നവദേവ് ഒപ്പം കൊണ്ടുപോയി. വെള്ളാട്ടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ വരച്ച മുത്തപ്പനും കാണുന്ന മുത്തപ്പനും ഒരേപോലെയാണോ എന്നറിയാന്‍ നവദേവ് ഇടയ്ക്കിടെ ചിത്രം എടുത്ത് നോക്കുന്നത് മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. വെള്ളച്ചാലിലെ സനീഷ് പണിക്കരായിരുന്നു കോലധാരി.
'നീ അങ്ങനെ മറച്ചുവെച്ചാലും ഞാന്‍ കാണാതെ പോകുമോ' എന്ന് മൊഴിചൊല്ലി കുഞ്ഞിനെ മാറോടണച്ചപ്പോള്‍ നവദേവിനൊപ്പം കണ്ടുനിന്നവരും കണ്ണീരണിഞ്ഞു.
ഇത്രയും മൂല്യമുള്ളതിന് പകരമൊന്നും തരാന്‍ എന്റെകൈയിലില്ലെന്ന് മൊഴിചൊല്ലി കൂടുതല്‍ നന്നായി വരക്കാന്‍ തൊഴുത് വരവില്‍നിന്ന് നിറം വാങ്ങാന്‍ പണം നല്‍കി മുത്തപ്പന്‍ നവദേവിനെ അനുഗ്രഹിച്ചു.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പി.വി. വിലാസിന്റെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഒ. ഷൈമയുടെയും മകനാണ് നവദേവ്.
muthappan blessed the little painter and gave him money to buy paint