(www.panoornews.in) സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വീട്ടിലേക്കുമാറ്റി. ജീവനക്കാര്‍ക്ക് പുറമേ ലൈസൻസികളായ നാലുപേർക്കുമെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു.
13ന് പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലായാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാലുകുട്ടികൾക്ക് ജീവനക്കാർ പണംവാങ്ങി കള്ളുകൊടുത്തുവെന്നാണ് എക്സൈസ് കണ്ടെത്തിയത്.
പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളുകുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവർ സ്കൂളിലെത്തി. തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽവെച്ചും കുടിച്ചതായി പറയുന്നു.
അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാപ്പു ജീവനക്കാരനായ മനോഹരനും മാനേജർ മോഹനനുമാണ് അറസ്റ്റിലായത്.
ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ് ശ്രീകുമാർ എന്നിവർ മൂന്നുമുതൽ ആറുവരെ പ്രതികളാണ്. ആരോഗ്യനില സാധാരണ നിലയിലാകുന്ന മുറയ്ക്ക് കുട്ടിക്ക് കൗൺസലിങ് നൽകുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.സംഭവത്തിൽ എക്സൈസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ശാസ്ത്രീയ പരിശോധനയടക്കം നടത്തും.
7th grader in critical condition, children go to Kullshop to make school's Onam celebrations colorful; 2 employees arrested