വിവാഹ ബന്ധം വേർപെടുത്തിയ മുസ്ലിം സ്ത്രീകൾക്ക് നിയമപരമായി ജീവനാംശം ആവശ്യപ്പെടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി.



ജീവനാംശം നൽകുന്നതിനെതിരെ നേരത്തെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവൈയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സിആർപിസി സെക്ഷൻ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെടാം.
ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വിവാഹബന്ധം വേർപെടുത്തിയ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈകോടതിയുടെ വിധിക്കെതിരെ സിആർപിസി സെക്ഷൻ 125നെ ചോദ്യം ചെയ്‌ത് കൊണ്ട് നേരത്തെ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു.
എന്നാൽ സെക്ഷൻ 125 മതപരമായ വേർതിരിവുകൾക്കപ്പുറത്തേക്ക് ഇന്ത്യയിലെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ഒരു പോലെ ബാധകമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ സിആർ പി സി 125 പ്രകാരം ഫയൽ ചെയ്യപ്പെട്ട കേസ് പരിഗണിക്കുന്നതിൽ കാലതാമസം വരികയാണെങ്കിൽ 2019 ലെ വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കൽ നിയമവുമായി ബന്ധപ്പെട്ട പരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി. ഇത് സെക്ഷൻ 125 പ്രകാരമുള്ള നിയമപരിഹാരത്തിന് പുറമെയായിരിക്കും.
Divorced Muslim women can get alimony;Supreme Court with important verdict
