ചമ്പാട്:(www.panoornews.in) ചമ്പാട് കൂരാറയിൽ അപ്രതീക്ഷിത അതിഥിയായി മൂർഖൻ ; കൂടുതൽ കണ്ടേക്കാമെന്ന് വനം വകുപ്പ്, ജാഗ്രതാ നിർദേശം. കൂരാറ മിനിസ്റ്റേഡിയത്തിന് സമീപം മൊട്ടേമ്മൽ ചന്ദ്രൻ്റെ വീട്ടിലാണ് മൂർഖൻ കുഞ്ഞിനെ കണ്ടത്. ചന്ദ്രൻ്റെ മകൻ സുബീഷാണ് വീടിൻ്റെ മുറ്റത്ത് ചീറ്റിക്കൊണ്ടിരുന്ന മൂർഖനെ കണ്ടത്.


പരിസരവാസികളെ വിവരമറിയിച്ചെത്തുമ്പോഴേക്കും മൂർഖൻ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച മൂർഖൻ വീണ്ടുമെത്തിയതോടെ ഫോറസ്റ്റ് വാച്ചർ ബിജിലേഷ് കോടിയേരിയെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ ബിജിലേഷ് മൂർഖനെ പിടികൂടി ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു. പിടികൂടിയത് കുഞ്ഞ് മൂർഖനെയാണെന്നതുകൊണ്ടുതന്നെ കൂടുതൽ മൂർഖൻ പാമ്പുകളുടെ സാന്നിധ്യം മേഖലയിലുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ബിജിലേഷ് പറഞ്ഞു.
ഒറ്റ പ്രസവത്തിൽ 20 ഓളം മുട്ടകൾ ഉണ്ടാകുമെന്നും എന്നാൽ എല്ലാം വിരിയണമെന്നില്ലെന്നും ബിജിലേഷ് പറഞ്ഞു. പ്രദേശത്തുകാർക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്തമഴയിൽ ഒഴുകി വന്ന മൂർഖനെന്നാണ് സംശയിക്കുന്നത്. താഴെ ചമ്പാട് കുങ്കൻറവിട ക്ഷേത്രസമീപത്തുനിന്നും വർഷങ്ങൾക്ക് മുന്നെ മൂർഖനെ പിടികൂടിയിരുന്നു.
Cobra as an unexpected guest in Champat Koorara;Forest department, warning that more may be seen.
