തലശേരി:(www.panoornews.in) മൽസ്യത്തൊഴിലാളി സഹകരണ സഘത്തിൽ വർഷങ്ങളായി നടന്ന വൻ വെട്ടിപ്പ് പുറത്തായതിനെത്തുടർന്ന് സെക്രട്ടറിക്കും, മുൻ ഭരണസമിതി അംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു.
ന്യൂമാഹി കുറിച്ചിയിലെ പാലിശേരി മൽസ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം സെക്രട്ടറിയായ കതിരൂർ സ്വദേശി കുനിയിൽ ഹൗസിൽ പി. രമേശനും ഭരണസമിതി അംഗങ്ങൾക്കുമെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്.
81,07,802 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി ചൂണ്ടിക്കാട്ടി കോഴിക്കോട് ഫിഷറീസ് സഹകരണ സംഘം ജോ. രജിസ്ട്രാർ സുധീർ കിഷൻ, സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ഥാപനം നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലാണ്. കണ്ണൂർ ഫിഷറീസ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീജിത്ത് ശ്രീധരനാണ് അഡ്മിനിസ്ട്രേറ്റർ.
2013 മുതൽ 2018 വരെയുള്ള കാലയളവിൽ നടന്നതാണ് വെട്ടിപ്പ്. മൽസ്യത്തൊഴിലാളികളിൽ നിന്ന് വാങ്ങിയ നിക്ഷേപത്തിലും കടാശ്വാസത്തിന്റെ രേഖകളിലും, വായ്‌പാ ഇടപാടുകളിലുമാണ് തിരിമറി നടന്നത്. സഹകരണചട്ടം 65 പ്രകാരം അന്വേഷണം നടത്തിയപ്പോൾ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാതെ സംഘം സെക്രട്ടറിയും, ഭരണസമിതിയും അവ പൂഴ്ത്തിവെയ്ക്കുകയായിരുന്നു.
81 lakh embezzlement in cooperative society in Thalassery;Police case
