Jul 29, 2023 09:44 AM

ചമ്പാട്:(www.panoornews.in)   നിർമ്മാണത്തിലെ അപാകതകൊണ്ട് ചർച്ചാ വിഷയമായ മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു . പണി തലതിരിഞ്ഞെന്നാക്ഷേപം കരാറുകാർ മുൻകൈയെടുത്താണ് അറ്റകുറ്റപണികൾ ആരംഭിച്ചത്.

അതേ സമയം അറ്റകുറ്റപണികളും തല തിരിഞ്ഞ നിലയിലാണ് നടക്കുന്നത്. എം എൽ എ അഡ്വ.എ.എൻ ഷംസീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം പണിതത്.

സ്റ്റേഡിയത്തിൻ്റെ ശോച്യാവസ്ഥ ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2020 ഒക്ടോബർ 28 ന് അന്ന് സ്പോർട്സ് മന്ത്രിയായിരുന്ന ഇ.പി ജയരാജനാണ് ഇൻഡോർ സ്റ്റേഡിയം തുറന്നു നൽകിയത്.

എന്നാൽ രണ്ട് വർഷമാകുമ്പോഴേക്കും തേക്ക് തടികൊണ്ട് പാകിയ കളിസ്ഥലം മുഴുവൻ മഴ വീണ് ദ്രവിച്ചു തുടങ്ങിയിരുന്നു. വുഡൻ പാനലിംഗിന് വേണ്ടി ഒരു പരിചയവുമില്ലാത്ത കരാറുകാരൻ ഇരുമ്പാണികൾ അടിച്ചു താഴ്ത്തിയതോടെ ആണികൾ പൊങ്ങി വന്ന് കളിക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമായിരുന്നു. സൂര്യപ്രകാശം തടയുന്നതിന് വേണ്ടി ഉയരത്തിൽ മറയായി കെട്ടിയ ഷീറ്റുകൾ കാറ്റത്ത് മുറിഞ്ഞ് താഴെ വീഴുന്നതും പതിവായി.

പരാധീനതകൾ ഏറിയതോടെ ചമ്പാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ. സി കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ പ്രതിഷേധമുയർത്തി. കെ.സി.കെ ക്ലബിൻ്റെ നേതൃത്വത്തിൽ 50 ഓളം കുട്ടികൾക്ക് കായികപരിശീലനം നൽകുന്നുണ്ട്.

എന്നാൽ സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥയെ തുടർന്ന് പരിശീലനം നിർത്തിവച്ചിരിക്കുകയായിരുന്നു. ഒരു നാടിൻ്റെ തന്നെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുമായിരുന്ന ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞപ്പോൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയർന്നു. ഇതോടെ പ്രശ്നത്തിലിടപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും, കരാറുകാരെയും വിളിച്ചു വരുത്തി.

സ്റ്റേഡിയത്തിൻ്റെ അറ്റകുറ്റപണികൾ സ്വന്തം ചിലവിൽ കരാറുകാർ രണ്ട് മാസം കൊണ്ട് ചെയ്ത് തീർക്കണമെന്ന തീരുമാനവുമായി. സ്റ്റേഡിയത്തിൻ്റെ നിലം വുഡൻ പാനൽ ചെയ്തത് ഒരു കരാറുകാരനും, മേൽക്കൂരയിൽ ഷീറ്റ് പാകിയത് വേറൊരു കരാറുകാരനുമാണ്.

ആദ്യം മേൽക്കൂരയുടെ പണി പൂർത്തിയാക്കി ചോർച്ച ഒഴിവാക്കി വുഡൻ പാനൽ ചെയ്യുകയാണ് വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യമാരംഭിച്ചിരിക്കുന്നത് വുഡൻ പാനലിൻ്റെ പ്രവൃത്തിയാണ്. മൂന്ന് നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മേൽക്കൂരയുടെ ചോർച്ചയിലൂടെ വെള്ളം പതിക്കുന്നത് പുതുതായി സ്ഥാപിച്ച വുഡൻ പാനലുകളിലാണ്.

ഫലത്തിൽ ഈ യൊരു അറ്റകുറ്റപണി കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് വസ്തുത. ഒരു പ്ലാനിംഗുമില്ലാതെ ഉദ്യോഗസ്ഥൻമാരെ മാത്രം മുഖവിലക്കെടുത്തതാണ് ചമ്പാട് ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഈ അവസ്ഥക്ക് കാരണമെന്നാണ് കെ.സി.കെ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ഭാരവാഹികളും പറയുന്നു.

#Renovation work has begun on the #controversial #Mithale Chambad Indoor# Stadium due to #construction defects The #allegation that the work has #turned upside down

Next TV

Top Stories