പാനൂർ : കുടിവെള്ള വിതരണത്തിൽ മാതൃകയായി പന്ന്യന്നൂരെ മസ്ലഹ .സൗജന്യമായി വെള്ളമെത്തിക്കുന്നത് 120 ഓളം വീടുകളിൽ , കാലവർഷം ഒളിച്ചു കളി തുടരുമ്പോൾ വെള്ളം കിട്ടാതെ നെട്ടോട്ടമോടുന്നവർക്ക് കുടിവെള്ളമെത്തിച്ചു നൽകി പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസ്ലഹ



പന്ന്യന്നൂർ, പാനൂർ, ചൊക്ലി എന്നിവിടങ്ങളിലെ 120 ഓളം കുടുംബങ്ങൾക്കാണ് രണ്ട് മാസത്തോളമായി മസ്ലഹ കുടിവെള്ളമെത്തിക്കുന്നത്.സൗജന്യമായി എത്തിക്കുന്ന കുടിവെള്ള വിതരണത്തിൻ്റെ മുഴുവൻ ചെലവും വഹിക്കുന്ന മസ്ലഹ പ്രവർത്തകരാണ്.
കോവിഡ് കാലം മുതലാണ് മസ്ലഹ കുടിവെള്ള വിതരണം ആരംഭിച്ചത്. മാർച്ച് അവസാന വാരം മുതലാണ് കുടിവെള്ള ക്ഷാമം പന്ന്യന്നൂർ മേഖലയിൽ രൂക്ഷമായത്. ഇതോടെയാണ് മസ്ലഹ കാരുണ്യ വേദി കുടിവെള്ള വിതരണവുമായി രംഗത്തെത്തിയത്.
ആദ്യം പന്ന്യന്നൂർ മേഖലയിൽ തുടങ്ങിയ കുടിവെള്ള വിതരണത്തിന് ആവശ്യക്കാർ ഏറിയതോടെ ഇപ്പോൾ ചൊക്ലി പഞ്ചായത്തിൻ്റെ ഭാഗങ്ങളിലും, പാനൂർ നഗരസഭയുടെ ചില ഭാഗങ്ങളിലും കൂടി വെള്ളമെത്തിക്കുന്നുണ്ട്. രാവിലെയും, വൈകീട്ടുമായി 10,000 ലിറ്ററോളം കുടിവെള്ളമെത്തിക്കുന്നതായി മസ്ലഹ ഭാരവാഹികളായ റയീസ് മാങ്കോട്ട്, ഇസ്മയിൽ നസീബ് എന്നിവർ പറഞ്ഞു.
കുടിവെള്ള വിതരണത്തിന് 5,400 രൂപയോളം ഒരു ദിവസം ചിലവ് വരും. പ്രവാസികളായ മസ്ലഹ പ്രവർത്തകരാണ് ഓരോ ദിവസത്തെയും കുടിവെള്ള വിതരണത്തിൻ്റെ ചിലവ് വഹിക്കുന്നത്. മസ്ലഹ കാരുണ്യ വേദിയുടെ കുടിവെള്ള വിതരണത്തിന് എല്ലാ നന്മകളും നേരുകയാണ് നാട്ടുകാരും. പഞ്ചായത്ത് പോലും ദിവസങ്ങളുടെ ഇടവേളയിലാണ് കുടിവെള്ളമെത്തിക്കുന്നത്.
120 ഓളം വീടുകളിൽ ഇപ്പോൾ മസ്ലഹ കുടിവെള്ളമെത്തിക്കുന്നുണ്ട്. മസ്ലഹ ചെയർമാൻ യൂസഫ് ഫർഹാസ്, കൺവീനർ എ. സലാം എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുടിവെള്ള വിതരണത്തിന് പുറമെ മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾക്കും മസ്ലഹ നേതൃത്വം നൽകുന്നുണ്ടെന്ന് ഭാരവാഹിയായ കെ.ടി ഉസ്മാൻ പറഞ്ഞു. നൗഫൽ നെല്ല്യാട്ട്, മുജീബ് താഹ എന്നിവരും കുടിവെള്ള വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
Pannyannure Maslaha as an example in drinking water supply;About 120 houses are supplied with free water
