കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന്റെ ഇളനീർ സംഘത്തോടൊപ്പം യാത്ര തിരിച്ച വിദ്യാർഥി വഴിമധ്യേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചു. പാപ്പിനിശ്ശേരി അരോളി പുലക്കറ വയലിലെ രംഗിത് രാജാ(14)ണ് എടയന്നൂരിൽ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ രാജേഷിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി എടയന്നൂർ പടിയിൽ തങ്ങുന്ന ഇളനീർ സംഘത്തിലെ അച്ഛനും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഒരാഴ്ച മുൻപാണ് വൈശാഖോൽസവത്തിൽ പങ്കെടുക്കുന്നതിന് വീട്ടിൽ നിന്നും പുറപ്പെട്ടത്. കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. കൊട്ടിയൂരിലേക്ക് ഇളനീരുമായി പോകുന്ന 51 അംഗ സംഘമാണ് ക്ഷേത്രത്തിൽ തങ്ങിയിരുന്നത്.
അപകടം നടക്കുന്ന സമയം ഇളനീർ ശേഖരിക്കുന്നതിന് വേണ്ടി സംഘത്തിലുള്ളവർ പുറത്ത് പോയിരുന്നു. ഇരുവരെയും ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രംഗിത് രാജിനെ രക്ഷിക്കാനായില്ല. രംഗീത് രാജ് അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. തിക്കിൽ ഗീതയാണ് അമ്മ. രാജേഷ് കീച്ചേരി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
The student, who had returned with the Ilanir group to participate in the Kottiur Vaisakha festival, drowned in a temple pool in KannurFather is serious.