പാനൂർ :(www.panoornews.in) വീട്ടുമതിലിൽ ഗ്രാമാനുഭവങ്ങൾ നിറഞ്ഞ ‘ചിത്രമതിൽ’ ഒരുക്കി ശ്രദ്ധേയമാവുകയാണ് പാട്യം പത്തായക്കുന്നിലെ ഒരു കുടുംബം.
റിട്ടയേർഡ് അധ്യാപകനായ സുന്ദരേശൻ തളത്തിലാണ് വീട്ട് മതിലിൽ ചിത്രങ്ങൾ ഒരുക്കിയത്.



33 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളും വളർന്നു വന്ന ഗ്രാമസാംസ്കാരിക പശ്ചാത്തലവുമാണ് ഇത്തരം ഒരു ആശയത്തിന് പിന്നിൽ.
ചിത്രമതിലിൽ ഗ്രാമത്തിന്റെ വിശുദ്ധിയും പാരമ്പര്യ കലാരൂപങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
. തെയ്യം, തിറ, ഉത്സവം, നാട്ടിൻപുറങ്ങളിലെ നിത്യജീവിതം, കുട്ടികളുടെ കളികൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയും ഈ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
' വീട് ഒരു താമസസ്ഥലം മാത്രമല്ല, മനസ്സിന്റെ പ്രതിഫലനമാണ്. അതിനാൽ വീടും പരിസരവും ശുചിത്വവും സൗന്ദര്യവും നിറഞ്ഞതായിരിക്കണം. ഈ ആശയം കലയുടെ സഹായത്തോടെ ജനങ്ങൾക്ക് എത്തിക്കുക എന്നതാണ് ചിത്രമതിലിന്റെ ലക്ഷ്യമെന്ന് സുന്ദരേശൻ തളത്തിൽ പറയുന്നു.
സുന്ദരേശന്റെ ഈ ആശയത്തിന് ജീവൻ നൽകിയത് ചുമർചിത്രകലാകാരൻ സജീവൻ നിടുമ്പ്രം ആണ്. ഇരുവരുടേയും 40 വർഷത്തിലേറെ പഴക്കമുള്ള സൗഹൃദമാണ് ഈ ചിത്ര മതിൽ ഒരുക്കാൻ പ്രചോദനമായത്.
ദേവാങ്കണത്തിലെ ചിത്രമതിലിന് മുമ്പ് ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി വീട്ടിൽ തന്നെ ചുമർ ചിത്രവും മൊറോക്കോ ചിത്രങ്ങളും വരച്ചിട്ടുണ്ട് ഇതേ ചിത്രകാരൻ.
റിട്ട. അധ്യാപകനായ സുന്ദരേശൻ തളത്തിലും കൂത്തുപറമ്പ് യു.പി. സ്കൂൾ അധ്യാപിക വി.കെ. മിനിയും വിദ്യാർത്ഥിയായ അമൃത് സുന്ദറും അടങ്ങുന്ന കുടുംബത്തിൻ്റെ ചിത്ര മതിലിന് പിന്തുണയുമായി അമ്മയും റിട്ട. അധ്യാപിക ( പി ആർ എം
കൊളവല്ലൂർ എച്ച് എസ്) എ.പി. ലീലയുമുണ്ട്.ചിത്ര മതിൽ അനാഛാദനവും സൗഹൃദ സംഗമവും ഇന്ന് വൈകീട്ട് നടക്കും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ പാട്യം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി പ്രദീപ് കുമാർ,ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലവ് ലിൻ,സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, വിദ്യാരംഗം കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ ചിത്രകാരൻ അരുൺജിത്ത് പഴശ്ശി, ചിത്രകാരൻമാരായ സജീവൻ നിടുമ്പ്രം, കെ.പി. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
'Picture wall' created by Sundaram, Sundaresan Thalam and family; The picture wall created at the house in Pathayakunnu will be unveiled today
