പാലത്തായി :(www.panoornews.in)ചമ്പാട് അരയാക്കൂലിൽ കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ ഷോക്കേറ്റ് വീണു മരിച്ച ഉനൈസിൻ്റെ മൃതദേഹം എലാങ്കോട് ജുമാ മസ്ജിദിൽ ഖബറടക്കി.



പാനൂരിനടുത്ത എലാങ്കോട് പാലത്തായി പുഞ്ചവയലിലെ ഗുരിക്കള പറമ്പത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സാമൂഹ്യ - രാഷ്ട്രീയ നേതാക്കളടക്കം നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് 1 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
.ഉമ്മ സുലൈഖയുടെയും, ഭാര്യ റസ്നയുടെയും, അഞ്ചു വയസുകാരിയായ മകൾ റിഫയുടെയും കരച്ചിൽ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ഇവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും പാടുപെട്ടു. നാട്ടിൽ ഏതു കാര്യത്തിനും ഓടിയെത്തുന്നയാളാണ് ഉനൈസെന്നും, വേർപാട് വിശ്വസിക്കാനാകുന്നില്ലെന്നും സമീപവാസിയായ സുരേഷ് ട്രൂ വിഷനോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെ ചമ്പാട് തോട്ടുമ്മലിലെ കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നപ്പോഴാണ് ഉനൈസ് അപകടത്തിൽ പെട്ടത്. വയറുകൾ തമ്മിൽ യോജിപ്പിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ ഉനൈസ് പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തല കല്ലിനിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വായിലാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#buried with a #tearful farewell# a huge #crowd gathered for his burial
