(www.panoornews.in)പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം.



കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു കൊണ്ടുപോയത്. എന്നാൽ അവിടെനിന്നും മുറിവ് ഡെറ്റോൾ ഇട്ട് കഴുകിയതിന് ശേഷം കുട്ടിയേയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോകാൻ അധികൃതർ പറയുകയായിരുന്നു.
മരുന്നില്ലാത്തതിനാലാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത് എന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. മലപ്പുറം പെരുവള്ളൂരിലാണ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചത്. 'കുട്ടിയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ തലയിലെ വലിയ മുറിവ് നോക്കിയിരുന്നില്ല.
ചെറിയ മുറിവുകൾക്ക് ചുറ്റുമാണ് ഇൻജക്ഷൻ നൽകിയത്. അത് കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. 48 മണിക്കൂറിന് ശേഷം വീണ്ടും ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് തലയ്ക്കുള്ള മുറിവിന് തുന്നൽ ഇട്ടത്' എന്നും മരിച്ച കുട്ടിയുടെ പിതാവ് പറയുന്നു.
അഞ്ചുവയസുകാരി സിയയ്ക്ക് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. എന്നിട്ടും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. മാർച്ച് 29 നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം.
തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റു. മറ്റ് അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.
ഐഡിആർവി വാക്സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സീൻ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.
Child dies of rabies; Father alleges against Kozhikode Medical College
