കോപ്പാലം :(www.panoornews.in)മൂലക്കടവ് മാക്കുനി പ്രദേശങ്ങളിൽ സ്ഥിരമായി കടകളിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽക്കുന്നത് തടയാൻ ജാഗ്രതയോടെ ഡി.വൈ.എഫ്.ഐ. കഴിഞ്ഞ ദിവസം പുകയില ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ വിറ്റ മാക്കുനിയിലെ എ.ടി.കെ അടച്ചു പൂട്ടി ഡിഫി കൊടികുത്തി. കട ഇനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന പോസ്റ്ററും പതിച്ചു.



കതിരൂർ പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ. പൊന്ന്യം മേഖലാ കമ്മിറ്റിയും, മാഹി പള്ളൂർ മേഖലാ കമ്മിറ്റിയുമാണ് സംയുക്തമായി യുവതയെ നശിപ്പിക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിലൊടുവിലാണ് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം നടത്തിയ രഹസ്യ പരിശോധനയിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന കടകണ്ടെത്തിയതും, ജീവനക്കാരനെ പിടികൂടിയതും. കട അടപ്പിച്ചതും. ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രവണത ഇതോടെ അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെ ന്നും മറ്റ് കട ഉടമകൾക്ക് താക്കീത് നൽകി. പല കട ഉടമകളും ട്രൗസറിൻ്റെ കീശയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നത്. 50 മുതൽ 100 വരെ രൂപക്കാണ് വിൽപ്പന. ഇത് രഹസ്യമായി നിരീക്ഷിക്കാൻ യൂത്ത് ബ്രിഗേഡുകളെ നിയോഗിച്ചിട്ടുണ്ട്. വിൽപ്പന ശ്രദ്ധയിൽ പെട്ടാൽ കൈയ്യോടെ പിടികൂടും. ഉടൻ കടക്ക് താഴിടും. നിലവിൽ ഡിഫി നിരീക്ഷണം ശക്തമാക്കിയതോടെ ചിലർ ഫോൺ കോളുകൾ വഴി ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ട്. ഇത്തരക്കാരും നിരീക്ഷണത്തിലാണെന്നും ഉടൻ പിടിക്കപ്പെടുമെന്നും പ്രവർത്തകർ പറയുന്നു.
മാഹിയിൽ നിരോധിത ലഹരികൾ പോലിസ് അധികാരികൾ പിടികൂടിയാൽ 200രൂപ പിഴയും ആൾ ജാമ്യത്തിലും വിടുന്നതാണ് പതിവ്.
ഈ നിയമത്തിനു മാറ്റം വരുത്തി ലഹരി വസ്തുക്കൾ പിടിച്ചെടുത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാനും ജാമ്യം നൽകാതെ ജയിലിലടക്കുവാനുമുള്ള നിയമം കൊണ്ടുവരാൻ വേണ്ടിയും മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുമെന്നും നേതാക്കൾ വിശദീകരിച്ചു..
Kopalam - DYFI on alert at Moolakkadavail; Shops selling banned tobacco products will no longer open, many shops under surveillance
