(www.panoornews.in)വിവാഹ ദിനത്തിൽ 24കാരനെ വധുവിന്റെ മുൻകാമുകനും സുഹൃത്തുക്കളും മർദ്ദിച്ച് കൊലപ്പെടുത്തി. പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുത വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ.
ഹരിയാനയിലെ ബല്ലാബാഗിലെ സോതെയ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് 24കാരന്റെ പിതാവായ 45കാരൻ പ്രേംചന്ദ് പൊലീസിൽ പരാതി നൽകിയത്. ഏപ്രിൽ 17നായിരുന്നു 24കാരനായ ഗൌരവ് എന്ന യുവാവ് കൊല്ലപ്പെട്ടത്.
വിവാഹ ദിനത്തിൽ അഞ്ച് പേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം നിശ്ചയിച്ചതിന് പിന്നാലെ മകനെ ഒരാൾ ഭീഷണിപ്പെടുത്തിയതായും നടന്നത് മോഷണ ശ്രമത്തിന് ഇടയിലുള്ള കൊലപാതകമല്ലെന്നും ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയത്.
ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൌരവിന്റെ പ്രതിശ്രുത വധുവിന്റെ മുൻ കാമുകനായ സൌരവ് അറസ്റ്റിലായത്. നേരത്ത മാർച്ച് 28ന് സൌരവ് ഫരീദാബാദിൽ വച്ച് മകനെ ഭിഷണിപ്പെടുത്തിയിരുന്നുവെന്നാണ് 24കാരന്റെ പിതാവ് പരാതിയിൽ വിശദമാക്കിയത്.
വിവാഹ വേദിയിലേക്ക് എത്തിയാൽ കൊലപ്പെടുത്തുമെന്നായിരുന്നു സൌരവ് ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൌരവ് പൊലീസിൽ പരാതി നൽകി. ഈ കേസ് പൊലീസ് ഇടപെട്ട് രമ്യതയിലാക്കി പോയിരുന്നു. സൌരവ് ക്ഷമാപണം നടത്തിയതിന് ശേഷമായിരുന്നു സ്റ്റേഷനിൽ നിന്ന് ഇറങ്ങിയത്. ഗ്രാമത്തിലെ മുതിർന്നവരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം ഒത്തുതീർപ്പാക്കിയത്.
എന്നാൽ വിവാഹ ദിവസം ഉച്ചയോടെ കാറിൽ പോവുകയായിരുന്ന ഗൌരവിനെ അഞ്ചംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. തോക്ക് ചൂണ്ടി യുവാവിനെ കാറിൽ നിന്ന് ഇറക്കിയ ശേഷം ബേസ്ബോൾ ബാറ്റും ഇരുമ്പ് വടികളും ഉപയോഗിച്ചായിരുന്നു മർദ്ദനം.
യുവാവിന്റെ തലയിലും കാലിലും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. വിവാഹ നിശ്ചയ സമയത്ത് പ്രതിശ്രുത വധുവിന്റെ വീട്ടുകാർ സമ്മാനിച്ച സ്വർണമാലയും മോതരവും അടക്കമുള്ള ആഭരണങ്ങളും സംഘം യുവാവിൽ നിന്ന് മോഷ്ടിച്ചിരുന്നു.
വീടിന് സമീപത്തെ റോഡിൽ നിന്നാണ് പരിക്കേറ്റ നിലയിൽ ഗൌരവിനെ വീട്ടുകാർ കണ്ടെത്തിയത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നിയമാനുസൃതമല്ലാത്ത സംഘം ചേർന്നുള്ള ആക്രമണം എന്ന വകുപ്പായിരുന്നു അക്രമികൾക്കെതിരെ ചുമത്തിയത്.
യുവാവ് മരിച്ചതോടെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അക്രമത്തിൽ പ്രതിശ്രുത വധുവിനും പങ്കുണ്ടെന്നാണ് മരിച്ച യുവാവിന്റെ പിതാവ് ആരോപിക്കുന്നത്. യുവാവിന്റെ ഫോട്ടോയും അഡ്രസും അടക്കമുള്ള വിവരം അക്രമി സംഘത്തിന് നൽകിയത് യുവതിയാണെന്നാണ് പിതാവ് ആരോപിക്കുന്നത്.
Brutal assault on wedding day, 24-year-old dies tragically, fiancée's ex-boyfriend arrested
