വടകര:(www.panooernews.in) 2024-25 വർഷത്തെ എം. പി. പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 4.50 കോടി രൂപയുടെ 117 പദ്ധതികൾ അംഗീകാരത്തിനായി എം. പി ഷാഫി പറമ്പിൽ നോഡൽ ഓഫീസറായ കോഴിക്കോട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.



“ഭിന്നശേഷി സൗഹൃദ നിയോജകമണ്ഡലം” എന്ന ലക്ഷ്യം മുൻ നിർത്തി ഒരു കോടി രൂപയുടെ പ്രോജക്ടുകൾ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി വകയിരുത്തി. ഇതിൽ 27.5 ലക്ഷം രൂപ മുച്ചക്രവാഹനം, വീൽചെയർ, ശ്രവണസഹായികൾ എന്നിവയ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ഭിന്നശേഷിയുള്ളവർ താമസിക്കുന്ന പ്രദേശങ്ങളിൽ വീൽചെയർ സൗഹൃദമല്ലാത്തതും പിന്നോക്കാവസ്ഥയിലുള്ളതുമായ റോഡുകളുടെ നവീകരണത്തിന് 11 ലക്ഷം രൂപ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വകയിരുത്തി. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളുകൾക്ക് വാഹനങ്ങൾ വാങ്ങുന്നതിന് 51 ലക്ഷം രൂപയും ഈ ഇനത്തിൽ ഉൾപ്പെടുത്തി.
പട്ടികജാതി വികസനത്തിന് 73.5 ലക്ഷം രൂപയും, പട്ടികവർഗ വികസനത്തിന് 30 ലക്ഷം രൂപയും എം പി ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ട്.
ഊർജ്ജ മേഖലയിൽ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കായി ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 1.21 കോടി രൂപയും, തീരദേശ മേഖലയിൽ സുരക്ഷാ ബോട്ടുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 60 ലക്ഷം രൂപയും, ആരോഗ്യ മേഖലയിലെ പദ്ധതികൾക്കായി 13 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
117 development projects worth Rs. 4.50 crore from MP fund; Shafi Parambil MP says the aim is to make Vadakara a disability-friendly constituency
