(www.panoornews.in)വാഹന മോഷ്ടാവിനെ പാലക്കാട് വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി. തൃശൂർ മേലെപ്പുരക്കൽ ക്കൽ അഭിജിത്ത് (22)നെയാണ് കൂത്തുപറമ്പ് എ.സി.പി: എം.കൃഷ്ണൻ്റെ നിർദേശപ്രകാരം മട്ടന്നൂർ സി.ഐ: എം.അനിലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചാവശേരിയിൽ നിന്ന് സ്‌കൂട്ടർ മോഷ്‌ടിച്ച് കടന്നുകളഞ്ഞ വ്യക്തിയാണ്.



19-ന് രാവിലെയായിരുന്നു ചാവശേരി വർക്കു ഷോപ്പിൽ നിർത്തിയിട്ട ആക്‌ടീവ സ്‌കൂട്ടർ മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടെന്ന സൂചനയെത്തുടർന്ന് പാലക്കാട് ആർ.പി.എഫിൻ്റെ സഹായത്തോടെയാണ് പിടികൂടിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിലെടുത്ത അഭിജിത്തിനെ മട്ടന്നൂരിലെത്തിച്ചു.
ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാഹനമോഷണക്കേസുണ്ട്. മട്ടന്നൂർ എസ്.ഐ: ലിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. രതീഷ്, ഷംസീർ അഹമ്മദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Vehicle thief arrested by Mattanur police in Palakkad
