(www.panoornews.in)വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവരിലേക്ക് വാഹനം പാഞ്ഞു കയറി അമ്മയും മകളും മരിച്ച സംഭവത്തിൽ ഡ്രൈവർക്കായി തിരച്ചിൽ. അപകട ശേഷം ഇറങ്ങി ഓടി രക്ഷപ്പെട്ട റിക്കവറി വാഹന ഡ്രൈവർ ടോണിക്കായി കല്ലമ്പലം പൊലീസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി.



ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനത്തിൽ നിന്ന് നിരവധി മദ്യക്കുപ്പികളും ബിയർ ബോട്ടിലുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയിലെത്തി അപകടമുണ്ടാക്കിയത്. ഇരുചക്ര വാഹനത്തിലും ഒരു കാറിലും ഇടിച്ച ശേഷം ഉത്സവം കഴിഞ്ഞ് റോഡിലൂടെ നടന്നു വന്ന ആളുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
തുടർന്ന് സമീപത്തെ മതിൽ ഇടിച്ചു തകർത്താണ് വാഹനം നിന്നത്. വർക്കല പേരേറ്റിൽ സ്വദേശി രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Mother and daughter die; Liquor bottles found in crashed vehicle, search underway for driver
