കൊളവല്ലൂർ :പരീക്ഷ അവസാനിക്കുന്ന ദിവസം രക്ഷിതാക്കൾ സ്കൂളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോകണമെന്ന കൊളവല്ലൂർ പൊലീസിൻ്റെ നിർദ്ദേശം അക്ഷരം പ്രതി പാലിച്ച് രക്ഷിതാക്കൾ.



എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കു ന്ന ദിവസം രക്ഷിതാക്കൾ സ്കൂളിലെത്തി കുട്ടികളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്ന് കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ ചേർന്ന സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും പോലീസുദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനിച്ചത്.
ഇത് പ്രകാരമാണ് എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ച ബുധനാഴ്ച രക്ഷിതാക്കൾ സ്കൂളിലെത്തി മക്കൾക്കൊപ്പം മടങ്ങിയത്.
സ്കൂൾ മധ്യവേനലവധിക്ക് അടക്കുന്ന സമയത്ത് വിദ്യാർത്ഥികളുടെ ആഘോഷങ്ങൾ അതിരുവിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് കൊളവല്ലൂർ പൊലീസ് വേറിട്ട മാർഗം സ്വീകരിച്ചത്. വർത്തമാന കാല സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് പൊലീസ് മുൻ കരുതൽ നടപടി സ്വീകരിച്ചത്. പൊലീസിൻ്റെ നിർദ്ദേശത്തെ രക്ഷിതാക്കളും സർവാത്മനാ സ്വീകരിക്കുകയായിരുന്നെന്ന് പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത് പറഞ്ഞു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കുലർ നൽകിയിരുന്നു. സ്കൂളുകളിൽ ആഘോഷം ഒന്നും പാടില്ലെന്നും, ആവശ്യമെങ്കിൽ പൊലീസ് സഹായം തേടണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. പരീക്ഷാ കഴിയുന്ന ദിവസം സ്കൂളിലെത്തി മക്കളെ കൂട്ടി മടങ്ങാനായതിൽ ഏറെ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് രക്ഷിതാക്കളും പ്രതികരിച്ചു.
എസ്‌ഐമാരായ ടി.അഖിൽ, കെ.വിൽസൺ ഫെർണാണ്ടസ്, സിപിഒ വിജേഷ്, പ്രിൻസിപ്പൽ എം.ശ്രീജ, പ്രഥമാധ്യാപകൻ കെ.ഷജിൽകുമാർ, പിടിഎ അംഗങ്ങൾ എന്നിവർ പരീക്ഷാ സമയത്തുൾപ്പടെ സ്കൂളിൽ ഉണ്ടായിരുന്നു. സ്കൂൾ പരീക്ഷകൾ അവസാനിക്കുന്ന 27നും, ഹയർസെക്കണ്ടറി പരീക്ഷകൾ അവസാനിക്കുന്ന 29 നും രക്ഷിതാക്കളെ സ്കൂളിലെത്തിക്കാനാണ് പിടിഎയുടെ തീരുമാനം.
The police and PTA's advice paid off; all the parents came to pick up their children at Kolavallur Higher Secondary School
