പാനൂർ:(www.panoornews.in)പാനൂർ പൊയിലൂരിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവ കർഷകന്റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞു.



വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ മുള്ളമ്പ്രാൻ രാജീവന്റെ നേന്ത്രവാഴ കൃഷിയാണ് കാട്ടുപന്നികൾ തകർത്തത്. 150 ഓളം വാഴകൾ നശിപ്പിക്കപ്പെട്ടു. വിഷു വിപണി ലക്ഷ്യമിട്ടാണ് രാജീവൻ കൃഷിയിറക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിലേക്ക് കടന്നെത്തിയത്. കർഷകനായ രാജീവൻ 25 സെൻ്റ് സ്ഥലത്ത് സമർപ്പണത്തോടെ പരിപാലിച്ചിരുന്ന നൂറ്റി അമ്പതിലധികം നേന്ത്രവാഴകളാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിച്ചത്. വിഷുവിന് വിളവെടുക്കാനുള്ള തലത്തിലെത്തിയ വാഴകളാണ് നശിപ്പിക്കപ്പെട്ടത് എന്നത് കർഷകനായ രാജീവൻ്റെ വേദന ഇരട്ടിയാക്കുന്നു.
വാഴകളുടെ വളർച്ചയ്ക്കായി ചിലവഴിച്ച തുകയും പ്രതീക്ഷിച്ചിരുന്ന വരുമാനവും കണക്കാക്കുമ്പോൾ ഏകദേശം ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് കർഷകനെ ബാധിച്ചത്. നേരത്തെയും ഇവിടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
കൃഷിയെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമുള്ള പ്രതിരോധ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നതാണ് കർഷകരുടെ ആവശ്യം. കാടിനോട് ചേർന്ന കൃഷിയിടങ്ങളിൽ വൈദ്യുതി വേലികൾ, ശബ്ദ ഭീഷണികൾ, ഫലപ്രദമായ ആധുനിക പ്രതിരോധ ഉപാധികൾ എന്നിവയെക്കുറിച്ച് അവലോകനം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
കൃഷിയെ കാട്ടുപന്നികളിൽ നിന്ന് രക്ഷിക്കാനായി കർഷകർ രാത്രിയിലും ജാഗ്രത പുലർത്തേണ്ടിവരുന്നു. എന്നാൽ ഇത് സ്ഥിരപരിഹാരമല്ലെന്ന് രാജീവൻ അടക്കം നിരവധി കർഷകർ ചൂണ്ടിക്കാട്ടുന്നു. അധികാരികൾ ഇടപെട്ട് യാഥാർത്ഥ്യപരമായ പരിഹാരങ്ങൾ കണ്ടെത്തണമെന്ന് ആവശ്യമുയരുന്നു.
കാട്ടുപന്നികളുടെ നാശനഷ്ടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഉറച്ച നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി നാട്ടുകാരും കർഷക സംഘടനകളും അധികൃതരോട് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കർഷകർക്ക് കനത്ത നഷ്ടം വരുത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സർക്കാർ തൽസമയം ഇടപെടണം എന്നതാണ് പൊതുമനോഭാവം. കാട്ടുപന്നി അക്രമത്തിൻ മൊകേരിയിൽ കർഷകൻ എ.കെ ശ്രീധരൻ മരണപ്പെട്ടതിനെ തുടർന്ന് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കാട്ടുപന്നികൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഈ ഭാഗത്തും കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുകയാണ്. ടാസ്ക് ഫോഴ്സിൻ്റെ സേവനം ഈ ഭാഗത്തും വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Wild boar attack in Panur Poilur; young farmer's dreams shattered.
