


കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കൊല്ലത്ത് കടപ്പാക്കടയിൽ റെയിൽവെ ട്രാക്കിൽ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് നിർത്തിയിട്ട മാരുതി കാറിൽ ചോരപ്പാടുകളുമുണ്ട്. ട്രാക്കിലെ മൃതദേഹം ഫെബിൻ്റെ കൊലയാളിയുടേതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിന് സമീപം ചോര പുരണ്ട നിലയിൽ കണ്ടെത്തിയ കാർ ഫെബിനെ അക്രമിക്കാൻ എത്തിയ വ്യക്തി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Student stabbed to death in Kollam, father also stabbed; suspected attacker also found dead
