(www.panoornews.in)സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ.
കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണു സംഭവം.
കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.
പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം ഇന്നലെ രാവിലെ ഡോക്ടറോടു ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് അലൻ കാറിൽ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്കു വരാൻ പറഞ്ഞു.
ഡോക്ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയിൽ പൊലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കണ്ടെത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തു.
Kannur doctor caught red-handed by girl and relatives for harassing her by sending obscene messages on social media; Doctor arrested in POCSO case