മനേക്കര :(www.panoornews.in) മനേക്കര മനയിൽ ഭഗവതി ക്ഷേത്രത്തിൽ പത്മശ്രി പെരുവനം കുട്ടൻമാരാരും സംഘവും അവതരിപ്പിച്ച ചെണ്ടമേളം ആസ്വാദക മനം കവർന്നു. ക്ഷേത്രത്തിൽ ഒരു മാസത്തോളമായി നടന്നു വന്ന മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായാണ് ചെണ്ടമേളം നടന്നത്.
താളമേളങ്ങളുടെ കരുത്തും, സംഗീതത്തിൻ്റെ ഭംഗിയും അടയാളപ്പെടുത്തിയാണ് പെരുവനം കുട്ടൻമാരാരുടെ ചെണ്ടമേളം നടന്നത്. ചെണ്ടമേള രംഗത്ത് അപൂർവ്വമായൊരു പ്രതിഭയായി പരസ്യമായ അംഗീകാരമർഹിച്ച നാമധേയമാണ് പെരുവനം കുട്ടൻ മാരാരെന്നത്. കുട്ടൻമാരാരുടെയും സംഘത്തിൻ്റെയും ചെണ്ടമേളം കേൾക്കുന്നത് ഒരു സംഗീതാനുഭവത്തിൻ്റെ അതിർത്തികളെ മറികടക്കുന്ന അനുഭവമാണ്. മേളത്തിൻ്റെ താളങ്ങളിൽ പതിഞ്ഞിരിക്കുന്ന സൗന്ദര്യമാണ് ഇവരുടെ പ്രകടനത്തെ വേറിട്ടതാക്കുന്നത്. പഞ്ചാരിമേളത്തിൻ്റെയും, പഞ്ചവാദ്യത്തിൻ്റെയും പശ്ചാത്തലത്തിൽ കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന താളം ആഭാസമുള്ള ഒന്നല്ല. പരിപൂർണമായ സമവാക്യങ്ങളിൽ ഗ്രഹിച്ചെടുക്കാനാകുന്ന കലാസൃഷ്ടിയാണ്. ആദ്യമായി ക്ഷേത്രത്തിലെത്തിയ കുട്ടൻമാരാരെ ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്രം പ്രസി.ആർപി അടിയോടി അധ്യക്ഷനായി. ഡോ.കെ.വി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി ആർ സി അടിയോടി, ബാബു നാരായണൻ എന്നിവർ സംസാരിച്ചു. കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 35 അംഗ സംഘമാണ് ചെണ്ടമേളം നടത്തിയത്. നൂറ് കണക്കിന് ഭക്തർ ചെണ്ടമേളം ആസ്വദിക്കാനായി ക്ഷേത്രത്തിലെത്തിയിരുന്നു.
Manekkara's Padmasree Kuttanmarar's Chenda Melam captivates the audience