കണ്ണൂർ :(www.panoornews.in) ബി.ജെ.പി. വിട്ട് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നയാളുടെ വീടിന്റെ ടെറസിൽനിന്ന് പോലീസ് മൂന്ന് ഐസ്‌ക്രീംബോംബ് കണ്ടെത്തി.
വീട്ടുടമ പരിക്കളത്തെ മൈലപ്രവൻ ഗിരീഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഗിരീഷിന്റെ വീടിന് സമീപത്ത് ഉഗ്രസ്‌ഫോടനം പ്രദേശവാസികൾ കേട്ടിരുന്നു.
വീടിന്റെ പിൻഭാഗത്തായി സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉളിക്കൽ ഇൻസ്‌പെക്ടർ അരുൺദാസിന്റെ നേതൃത്വത്തിൽ പോലീസ് ടെറസിൽ കയറി പരിശോധിച്ചത്.
കണ്ണൂരിൽനിന്ന് ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. വീടിന്റെ ടെറസിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ഐസ്‌ക്രീം ബോംബ് കണ്ടെടുത്തത്.
പെയിന്റിന്റെ ബക്കറ്റിൽ മണൽ നിറച്ച് അതിൻമേൽ സൂക്ഷിച്ചനിലയിലായിരുന്നു ബോംബുകൾ. മൂന്ന് ബക്കറ്റുകളിലായിരുന്നു ഓരോ ബോംബും.
നാലാമത് ഒരു ബക്കറ്റ് ഉണ്ടെങ്കിലും ബോംബുണ്ടായിരുന്നില്ല. എന്നാൽ ബക്കറ്റിലെ മണലിൽ ബോംബ് വെച്ചതിന്റെ അടയാളവും കാണാനുണ്ട്.
സജീവ ബി.ജെ.പി. പ്രവർത്തകനായിരുന്ന ഗിരീഷ് കഴിഞ്ഞവർഷമാണ് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
Ice cream bomb seized from house terrace; Kannur homeowner who recently left BJP and joined CPM arrested