ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കുന്നംകുളം കീഴൂര്‍ സ്വദേശി എഴുത്തുപുരക്കല്‍ ജിജിയെയാണ് (53) ചങ്ങരംകുളം സി.ഐ ഷൈനിന്റെയും എസ്.ഐ റോബര്‍ട്ട് ചിറ്റിലപ്പിള്ളിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഡിസംബര്‍ ഒമ്പതിന് രാത്രി 12ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ജിജിയുമായി അകന്ന് ചങ്ങരംകുളം കല്ലൂർമയില്‍ വാടകക്ക് താമസിച്ചു വരുകയായിരുന്നു യുവതി.
രാത്രി യുവതിയും രണ്ട് പെണ്മക്കളും ഉറങ്ങുന്നതിനിടെ ജിജി ഇവരുടെ താമസസ്ഥലത്ത് എത്തി ജനല്‍ വഴി പെട്രോളൊഴിച്ചശേഷം മുറിയില്‍ തീയിടുകയായിരുന്നു.ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടമ്മയും മക്കളും വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.
സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചങ്ങരംകുളത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പിടിയിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Husband arrested for attempting to burn his sleeping wife and children to death by pouring petrol