(www.panoornews.in)ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റിൻ്റെ സാധ്യത പഠനം പൂർത്തിയായി. ദിവസവും നാല് ലക്ഷം കണ്ടെയ്നർ അരവണ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാൻ്റാണ് തിടപ്പള്ളിയോട് ചേർന്ന് സ്ഥാപിക്കുക. ഈ സീസൺ കഴിഞ്ഞാലുടൻ അരവണ പ്ലാൻ്റ് വിപുലീകരണ പ്രവൃത്തികൾക്ക് തുടക്കമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
നിലവിൽ 40 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടെങ്കിലും ആവശ്യക്കാർ കൂടിയതോടെയാണ് പ്ലാൻ്റ് വിപുലീകരണത്തിന് ദേവസ്വം ബോർഡ് ആക്കം കൂട്ടുന്നത്. തന്ത്രിയുടെ തീരുമാനം കൂടി അനുകൂലമായാൽ അടുത്ത സീസണിൽ തന്നെ ഉത്പാദനം കൂട്ടാനാകുമെന്നാണ് കണക്കുകൂട്ടൽ.
ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ, മൂന്നരലക്ഷം ടിന്നുകളാണ് ദിവസവും വിറ്റുപോകുന്നത്. എന്നാൽ രണ്ടര ലക്ഷം ടിന്നാണ് നിലവിലെ അരവണ പ്ലാൻ്റിൻ്റെ ഉൽപ്പാദന ശേഷി. കരുതൽ ശേഖരമുള്ളതുകൊണ്ടാണ് ഇക്കുറി കടുത്ത അരവണ ക്ഷാമത്തിലേക്ക് കടക്കാത്തത്.
ഭാവിയിൽ പ്രതിസന്ധി കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ പ്ലാൻ്റ്. നിലവിലെ അരവണ പ്ലാൻ്റിനോട് ചേർന്നാവും പുതിയ പ്ലാൻ്റും വരിക. ഇതോടെ, ഉത്പാദനം നാല് ലക്ഷം ടിൻ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഒന്നര ലക്ഷം ടിൻ അരവണ അധികമായി ഉത്പാദിപ്പിക്കാൻ സാധിക്കുന്ന കൂറ്റൻ ബോയ്‌ലറുകളും പാക്കിംഗ് യൂണിറ്റും കൂടി സ്ഥാപിക്കേണ്ടതുണ്ട്. നിലവിലെ പ്ലാൻ്റിനോട് ചേർന്നാവും പുതിയ സംവിധാനം. ഇതോടെ, പ്ലാൻ്റിനോട് ചേർന്നുള്ള അരവണ കൗണ്ടർ മാറ്റി സ്ഥലം കണ്ടെത്തും. ഇതിനായുളള സ്ഥലം തെക്ക്-കിഴക്കേ മൂലയിൽ കൃത്യമായി കണ്ടെത്തി എസ്റ്റിമേറ്റ് തയ്യാറാക്കാനും തന്ത്രിയുടെ അനുവാദം ഉൾപ്പടെ വാങ്ങാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
New Aravana plant to be set up in Sabarimala; target to increase production to four lakh tins