പാനൂർ : (www.panoornews.in) പാനൂരിൽ പട്ടാപകൽ കവർച്ചക്ക് ശ്രമിച്ചതിന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ ആൾക്കെതിരെ ആരും പരാതി നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് വിട്ടയച്ചു. ജില്ലക്ക് പുറത്ത് പൊലീസ് സ്റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ടെങ്കിലും, പാനൂരിൽ ആർക്കും പരാതിയില്ലായിരുന്നു.
പുത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്തെ വീട്ടിൽ പണിയെടുക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന ഇയാൾ ഓടിപ്പോവുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തവെ ഇയാൾ സമീപത്തെ പല വീട്ടു പറമ്പുകൾ വഴി ഓടി മറ്റൊരു വീടിൻ്റെ കൂടയിൽ കയറി ഒളിക്കുകയായിരുന്നു.
നാട്ടുകാർ പിടികൂടിയ പ്രതിയെ പാനൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം ഹിന്ദി മാത്രം സംസാരിച്ച ഇയാൾ അന്യസംസ്ഥാനക്കാരനാണെന്നാണ് നാട്ടുകാരടക്കം കരുതിയിരുന്നത്. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കോട്ടയം സ്വദേശിയാണെന്നും പേര് മാഹിൻ ബിജിലിയെന്നാണെന്നും അറിയുന്നത്.
ഏറണാകുളം ജില്ലയിൽ ഉൾപ്പടെ ചില സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. പാനൂരിൽ പണം തിരികെ കിട്ടിയതിനാൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് പരാതി ഉണ്ടായിരുന്നില്ല. ജാതിക്ക കച്ചവടത്തിനെന്ന വ്യാജേനയാണ് ഇയാൾ പുത്തൂരെത്തിയത്.
A Kottayam native attempted a robbery in broad daylight in Panur; he was released as there was no complaint