തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
വിവിധ സർവീസ് ചട്ടങ്ങൾ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും
എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. ഈ വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും.
സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വ്വീസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.
ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം (Skill) ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും.
സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്‍റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കണം.
ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ നിയമനം വേഗത്തിലാക്കാന്‍ അംഗപരിമിതര്‍ക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം. എല്ലാ ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്‍റെ പേരിലുള്ള അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
Setback for state government employees; Retirement age will not be raised to 60