കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേർക്ക് നായയുടെ കടിയേറ്റു. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് സ്ഥലം, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണു യാത്രക്കാർക്ക് കടിയേറ്റത്.
രാവിലെ 9 ന് തുടങ്ങിയ നായയുടെ പരാക്രമം 5.30 വരെ നീണ്ടു. കടിയേറ്റ യാത്രക്കാർക്ക് വന്ദേ ഭാരത് യാത്ര മുടങ്ങി. റെയിൽവേ സ്റ്റേഷനിൽ ശുചീകരണ തൊഴിൽ ചെയ്യുന്ന മഞ്ജുളക്കാണ് ആദ്യം കടിയേറ്റത്.
തുടർന്ന് പാസഞ്ചർ ട്രെയിനിൽ പയ്യന്നൂരിൽ നിന്നു വന്ന യുവാവായ യാത്രക്കാരനെ കടിച്ചു. യാത്രക്കാരും റെയിൽവേ സ്റ്റേഷൻ ജീവനക്കാരും നായയെ ഓടിച്ചതിനെ തുടർന്ന് പിന്നീട് നായയെ കണ്ടില്ല.
ഉച്ചയോടെ വീണ്ടും റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറേ കവാടം പാർക്കിങ് സ്ഥലത്തെത്തിയ നായ മുന്നിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു.കണ്ണൂർ എക്സ്പ്രസിൽ വന്നിറങ്ങിയ അഴീക്കോട് സ്വദേശി സുഷമയെ നായ മാരകമായി അക്രമിച്ചു. വന്ദേ ഭാരതിന് തിരുവനന്തപുരത്തേക്ക് പോകാനെത്തിയ ചെറുപുഴ സ്വദേശി അനീറ്റ ജോണിനെ നായ കടിച്ചു പറിച്ചതിനെ തുടർന്ന് യാത്ര മുടങ്ങി. റിസർവ് ടിക്കറ്റെടുക്കാൻ എത്തിയ തലശേരി സ്വദേശിയായ എം.എം പദ്മനാഭൻ്റെ ഇരുകാലുകളും നായ കടിച്ചു പറിച്ചു.
ഇത്തരത്തിൽ 25 പേരെ നായ കടിച്ചു. പരാക്രമമോ, പരക്കം പാച്ചിലോ കാണിക്കാത്ത നായ നടക്കുന്നതിനിടയിലാണ് പലരെയും കടിച്ചത്. പലർക്കും ഇടതുകാലിനാണ് പരിക്ക്.പിന്നീട്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ അക്രമകാരിയായ നായ ചത്തു
മിക്കപ്പോഴും ശാന്ത സ്വഭാവത്തോടെ നടന്നു വന്ന നായയെ ആരും ശ്രദ്ധിക്കാത്തതും കൂടുതൽ പേർക്ക് കടിയേൽക്കാൻ കാരണമായി. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
A stray dog spread fear in and around Kannur railway station for 8 hours; 25 people were bitten, and a Thalassery native was seriously injured.