കൂത്തുപറമ്പ്:(www.panoornews.in) കൂത്തുപറമ്പ് കിണവക്കൽ കമ്പിത്തൂണിലെ മതപഠനശാലയിൽ വിദ്യാർഥി ക്രൂര മർദ്ദനത്തിന് ഇരയായ കേസിൽ ദർസ് അധ്യാപകൻ അറസ്റ്റിൽ.
മലപ്പുറം താനൂരിലെ ചാപ്പപ്പടിയിലെ ഉമൈർ അഷ്റഫി (26) യെയാണ് കേസന്വേഷണ ഉദ്യോഗസ്ഥനായ കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷും സംഘവും താനൂരിൽ അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ അജ്‌മൽ ഖാൻ (23) ആണ് ക്രൂരമർദനത്തിന് ഇരയായത്. കമ്പിത്തൂണിലെ ഇഷാഅത്തുൽ ഉലൂം ദർസിൽ സെപ്തംബർ ആറിനാണ് സംഭവം
ഉമൈർ അഷ്റഫി നല്ലവണ്ണം മതപഠനം നടത്തുന്നില്ലെന്ന് മറ്റുള്ളവരോട് പറഞ്ഞ വിരോധത്തിൽ അജ്‌മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും, ചൂരൽവടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും, കണ്ണിൽ മുളക് ഉടച്ച് തേക്കുകയും മറ്റും ചെയ്തുവെന്നാണ് കേസ്.
സംഭവത്തിനു ശേഷം ഉമൈർ അഷ്റഫി കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം കോയമ്പത്തൂരിൽനിന്ന് നാട്ടിൽ വരുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ പോലീസ് മലപ്പുറത്ത് എത്തിയിരുന്നു.
അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. കെ.ടി. മനോജ്, കെ.വി. ജാഫർ ഷെരിഫ്, സി. സരിത്ത് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
A student was brutally beaten up in a religious school in Koothuparam; Arrested madrasah teacher in remand